ന്യുഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനം ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടി വരും. അമേരിക്കൻ പിഴ ചുങ്കത്തേയും വെല്ലുവിളികളേയും പുറംകാലിന് തട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴ വിരുന്നിനായും ദ്വിരാഷ്ട്ര ഉച്ചകോടിക്കായും പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രണ്ട് നിർണായക കക്ഷികൾ തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കും ഗുണപ്രദമാകുന്ന നിലയിൽ നിരവധി കരാറുകളും ധാരണാ പത്രങ്ങളും ഒപ്പുവയ്ക്കുമെന്നാണ് സൂചന.
അമേരിക്കൻ എതിർപ്പിനെ തുടർന്ന് പരിധിയിൽ ഒതുക്കിയ റഷ്യയുമായുള്ള വ്യാപാരനയങ്ങൾ കൂടുതൽ ലിബറലാകുന്നതിന് കൂടിക്കാഴ്ച ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. വ്യാപാരം, ഗതാഗതം, പ്രതിരോധം, ഊർജം, പ്രാദേശിക സുരക്ഷ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകി നടത്തുന്ന ഈ സന്ദർശനം “പ്രാധാന്യമുള്ളതും ആധുനിക കാലത്ത് ഏറ്റവും സ്ഥിരതയാർജിച്ച ബന്ധങ്ങളിൽ ഒന്നിന്റെ പ്രതിഫലനവുമാണ്” എന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
ചർച്ചകളുടെ പ്രധാന ലക്ഷ്യം വ്യാപാരവും സാമ്പത്തിക സഹകരണവും വ്യാപിപ്പിക്കലായിരിക്കുമെന്ന് ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചത്. ഇന്ത്യയും റഷ്യയും നിലവിലുള്ള വ്യാപാരത്തിലെ കുറവ് പരിഹരിക്കുകയാണ് പ്രധാന അജണ്ട. ഇന്ത്യൻ കടൽമൽസ്യവർഗം, ഉരുളക്കിഴങ്ങ്, മാതളനാരങ്ങ, പ്രോസസ്സ് ചെയ്ത ഭക്ഷ്യോത്പ്പന്നങ്ങൾ, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ, ഔഷധങ്ങൾ എന്നിവയുടെ കയറ്റുമതി വർധിപ്പിക്കാൻ ഇന്ത്യ ശ്രമിക്കുന്നത്.. അതേസമയം, റഷ്യൻ വളങ്ങൾക്കു ഇന്ത്യ വലിയ തോതിൽ ആശ്രയിക്കുന്നുണ്ട് പ്രതിവർഷം മൂന്ന് മുതൽ അഞ്ച് മില്യൺ ടൺ വരെ — കൂടാതെ ഈ മേഖലയിൽ കൂടുതൽ സഹകരണം പ്രതീക്ഷിക്കുന്നുണ്ട്.
പാകിസ്ഥാനെതിരെ നടന്ന ‘ഓപ്പറേഷൻ സിന്ദൂറിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ മിസൈൽ വേധയായ S-400 സംവിധാനം കൂടുതൽ വാങ്ങാനും കരാർ ഒപ്പിടാൻ സാധ്യതയുണ്ട്.Su-57 സ്റ്റീൽത്ത് യുദ്ധവിമാനങ്ങൾ ഇന്ത്യ അധികമായി വാങ്ങിക്കുവാനും ഈ സന്ദർശനവേളയിൽ ധാരണയാകും. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യ പോരാടിയത് റഷ്യൻ നിർമ്മിത ആയുധങ്ങളുടേയും യുദ്ധവിമാനങ്ങളുടേയും കരുത്തിലായിരുന്നു. അതിനാൽ തന്നെ റഷ്യയുമായുള്ള ആയുധക്കരാർ ഇരട്ടിപ്പിക്കാനും ഈ വേള ഉപകരിക്കും.
















