യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും നിർബന്ധിത ഗർഭച്ഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസിൽ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിച്ചത്. അറസ്റ്റ് തടയണമെന്ന കാര്യത്തിലുള്ള വിധിയാണ് ആദ്യം പുറപ്പെടുവിച്ചത്.അറസ്റ്റിനു തടസ്സമില്ല.
രണ്ട് ദിവസമായി സെഷൻസ് കോടതിയിലെ അടച്ചിട്ട കോടതി മുറിയിൽ വാദം പൂർത്തിയാക്കിയ ശേഷമാണ് ഇന്നു വിധി പറഞ്ഞത്. ഇന്നലെ അടച്ചിട്ട കോടതിമുറിയിൽ ഒന്നര മണിക്കൂർ നേരത്തെ വാദം പൂർത്തിയായിരുന്നു. ഒരു രേഖ കൂടി ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്ന് പുതിയ തെളിവ് പരിശോധിച്ചാണ് വാദം പൂർത്തിയാക്കിയിരിക്കുന്നത്.
അടച്ചിട്ട മുറിയിൽ വാദം കേൾക്കണമെന്നും തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും രാഹുലിന്റെ അഭിഭാഷകൻ ഹർജിയിൽ പറഞ്ഞിരുന്നു. ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ടമുറിയിൽ വേണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരിക്കെതിരെ സീൽവെച്ച കവറിൽ രാഹുൽ ഡിജിറ്റൽ തെളിവുകളും കോടതിക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. ഗർഭച്ഛിദ്രം നടത്തിയത് യുവതിയുടെ താല്പര്യപ്രകാരമാണെന്നടക്കം തെളിയിക്കുന്ന രേഖകളാണ് ഇതിലെന്നായിരുന്നു പുറത്തുവന്ന വിവരം.
രാഹുലിനെ പ്രതിരോധത്തിലാക്കുന്നതാണ് പരാതിക്കാരിയുടെ മെഡിക്കൽ റിപ്പോർട്ട്. വൈദ്യപരിശോധനയിൽ യുവതിയുടെ ശരീരത്തിൽ പഴക്കമുള്ള മുറിവുകൾ കണ്ടെത്തിയതായാണ് ഡോക്ടറുടെ റിപ്പോർട്ട്. വൈദ്യപരിശോധനാ റിപ്പോർട്ടിലാണ് നിർണായക വിവരം. മുറിവുകൾ ബലാത്സംഗത്തിനിടെ ഉണ്ടായതെന്നാണ് നിഗമനം. യുവതിയുടെ മൊഴിയും ഇത് ശരിവെയ്ക്കുന്നുണ്ട്. ഈ റിപ്പോർട്ട് ഇന്ന് കോടതിയിൽ സമർപ്പിച്ചിരുന്നു.
ഡോക്ടറുടെ ഉള്‍പ്പെടെ സാക്ഷി മൊഴികള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് പൊലീസ് ഹാജരാക്കിയത്. ബലാത്സംഗം നടത്തിയതിന് തെളിവുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്. യുവതിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിയതിന് തെളിവുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഡിജിറ്റൽ തെളിവുകള്‍ അടക്കം പൊലീസ് കോടതിക്ക് കൈമാറി. അടച്ചിട്ട മുറിയിൽ വാദം കേള്‍ക്കണമെന്നാണ് പ്രോസിക്യൂഷനും രാഹുൽ മാങ്കൂട്ടത്തിലും ആവശ്യപ്പെട്ടിരുന്നത്.
അഡ്വ.ശാസ്തമംഗലം അജിത് കുമാറാണ് രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി കോടതിയിൽ ഹാജരായത്. ബലാത്സംഗവും ഗർഭഛിദ്രവും ഒഴികെ പരാതിക്കാരി ഉന്നയിച്ച എല്ലാ കാര്യങ്ങളും രാഹുൽ മാങ്കൂട്ടത്തിൽ അംഗീകരിച്ചിട്ടുണ്ട്. പെൺകുട്ടിയുമായി പരിചയമുണ്ട്. പ്രണയബന്ധമുണ്ടായിരുന്നു. പെൺകുട്ടി പറഞ്ഞതുപോലെ ഫ്ലാറ്റിൽ എത്തിയിട്ടുണ്ട് തുടങ്ങിയ കാര്യങ്ങൾ മുൻകൂർ ജാമ്യാപേക്ഷയിൽ അംഗീകരിക്കുന്നുണ്ട്. എന്നാൽ, ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗർഭഛിദ്രം ചെയ്‌തിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ നിലപാട്.
അതേസമയം ബലാത്സംഗം, ഗർഭച്ഛിദ്രം എന്നിവക്ക് തെളിവുകൾ നിരത്തിക്കൊണ്ടുള്ള പോലീസ് റിപ്പോർട്ടാണ് പ്രോസിക്യൂഷൻ സമർപ്പിച്ചത്. ബലാത്സംഗം നടന്നു എന്നതിന് ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ ഉണ്ട്.ആരോപണത്തിന് പിന്നിൽ സിപിഎം- ബിജെപി ബന്ധം എന്നാണ് രാഹുലിന്റെ വാദം.
കഴിഞ്ഞ എട്ട് ദിവസമായി രാഹുൽ ഒളിവിൽ കഴിയുകയാണ്. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. തുടർന്ന് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിർബന്ധിത ഗർഭഛിദ്രം തുടങ്ങി ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയത്. ഇതുപ്രകാരം പത്ത് വർഷം മുതല്‍ ജീവപര്യന്തം തടവ് ശിക്ഷവരെ ലഭിക്കാം. കേസെടുത്തതിന് പിന്നാലെ രാഹുല്‍ ഒളിവില്‍ പോയിരുന്നു.
കഴിഞ്ഞ ദിവസം രാഹുലിനെതിരെ ലൈംഗിക പീഡനം ആരോപിച്ച് മറ്റൊരു യുവതിയും രംഗത്തെത്തിയിരുന്നു. കെ പി സി സിക്കാണ് യുവതി പരാതി നല്‍കിയത്. പരാതി പാർട്ടി പൊലീസിന് കൈമാറി കേസ് ഫയൽ ചെയ്തു.
















