ഡൽഹി: ടോൾ പിരിവിന് രാജ്യത്ത് ഇലക്ട്രോണിക് സംവിധാനം നിലവിൽ വരുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിൻ ഗഡ്കരി. ഹൈവേ ഉപയോക്താക്കൾക്ക് തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതാകും സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു നിലവിലെ രീതി ഒരു വർഷത്തിനുള്ളിൽ പൂർണമായും നിർത്തുമെന്നും നിതിൻ ഗഡ്കരി അറിയിച്ചു. ലോക്‌സഭയിൽ ചോദ്യോത്തര വേളയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം പറഞ്ഞത്.
പുതിയ സംവിധാനം പത്തിടങ്ങളിൽ നിലവിലുണ്ട്. ഇലക്ട്രോണിക് ടോൾ പേയ്‌മെന്റുകൾക്കായുള്ള ഏകീകൃതവും പരസ്പരം പ്രവർത്തിക്കുന്നതുമായ പ്ലാറ്റ്‌ഫോമായ നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ (എൻഇടിസി) പ്രോഗ്രാം നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിലവിൽ രാജ്യത്ത് 10 ലക്ഷം കോടി രൂപയുടെ 4,500 ഹൈവേ പദ്ധതികൾ നടക്കുന്നുവെന്നും ഗഡ്കരി സഭയെ അറിയിച്ചു.
റേഡിയോ ഫ്രീക്വൻസി ഐഡന്‍റിഫിക്കേഷൻ (ആർഎഫ്ഐഡി) അടിസ്ഥാനമാക്കിയാണ് ഫാസ്ടാഗ് പ്രവർത്തിക്കുന്നത്. ഈ ഉപകരണം വാഹനത്തിന്‍റെ വിൻഡ്ഷീൽഡിൽ സ്ഥാപിക്കാം. ടോൾ പ്ലാസയിൽ വാഹനം നിർത്താതെ തന്നെ ഉപയോക്താവിന്‍റെ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്ന് ടോൾ തുക ഓട്ടോമാറ്റിക്കായി അടയ്ക്കാൻ ഈ സംവിധാനം സഹായിക്കുന്നു. ഈ സാങ്കേതികവിദ്യ രാജ്യവ്യാപകമാക്കുമെന്നാണ് നിതിൻ ഗഡ്കരി പറയുന്നത്.
















