Homepage Featured Kerala News

‘കോൺ​ഗ്രസ് വ്യത്യസ്ഥമായ പാർട്ടി’ ; രാഹുലിനെ പുറത്താക്കുമെന്ന് സൂചന നൽകി കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കുമെന്ന് സൂചന നൽകി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. രാഹുലിനെതിരെയുണ്ടായ കോൺ​ഗ്രസിന്റെ എല്ലാ നീക്കവും നടപടി ക്രമങ്ങളനുസരിച്ചായിരുന്നുവെന്ന് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. തുടർ നടപടിയും അത്തരത്തിൽ ആയിരിക്കുമെന്നും കോൺ​ഗ്രസ് വ്യത്യസ്ഥമായ പാർട്ടിയാണെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. എഐസിസിയുമായും മുതിർന്ന നേതാക്കളോടും ചർച്ച ചെയ്താകും മുന്നോട്ടുള്ള നീക്കമെന്നും അദ്ദേഹം പറയുന്നു.

വാർത്തകൾ വന്നയുടനെ രാഹുലിനെ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് നീക്കിയെന്ന് സണ്ണി ജോസഫ് പറഞ്ഞു. പിന്നീട് കോൺ​ഗ്രസിന്റെ പാർട്ടി സംവിധാനത്തിൽ നിന്ന് സസ്പെന്റ് ചെയ്യുകയും രാഹുൽ മാങ്കൂട്ടം കോൺ​ഗ്രസിന്റെ നിയമസഭാം​ഗമല്ലെന്ന് സ്പീക്കറെ അറിയിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിൽ നിന്ന് വ്യത്യസ്ഥമായ പാർട്ടിയാണ് തങ്ങളുടേതെന്നും സ്വർണക്കൊള്ളക്കേസിൽ ജയിലിൽ കിടക്കുന്ന എ പത്മകുമാർ അടക്കമുള്ളവർ സിപിഎമ്മിൽ തുടരുകയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം തനിക്ക് ഒരു പരാതി ലഭിച്ചയുടൻ അത് ഡിജിപിക്ക് കൈമാറിയെന്നും കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.

എന്നാൽ കോടതി തീരുമാനത്തിനായി പുറത്താക്കൽ നടപടി വൈകിക്കുന്നതിൽ ഒരു വിഭാഗം കെപിസിസി അം​ഗങ്ങൾക്ക് അതൃപ്തിയുണ്ട്. നേരത്തെയുള്ള നടപടിയാണ് ആവശ്യമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ കോടതി വിധി വരട്ടെ എന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. വിധി നോക്കിയായിരിക്കും പുറത്താക്കലിൽ തീരുമാനം എടുക്കുക.

അതേസമയം ബലാത്സം​ഗ കേസുമായി ബന്ധപ്പെട്ട് രാഹുൽ മാങ്കൂട്ടത്തിൽ എട്ടാം ദിവസവും ഒളിവിൽ തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ കർണാടകയിലെത്തിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെ ബം​ഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവറാണ് കസ്റ്റഡിയിലായത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്‍റെ ഡ്രൈവറായി ജോലി ചെയ്യുന്ന ജോസ് എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രഹസ്യമായാണ് പൊലീസ് അന്വേഷണം തുടരുന്നത്. പൊലീസിൽ നിന്ന് രാഹുലിന് വിവരം ചോരുന്നുണ്ടോയെന്ന് സംശയമുയർന്ന സാഹചര്യത്തിൽ എസ്ഐറ്റിയുടെ നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ ആകണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു.

Related Posts