കൊല്ലം: ശബരിമല സ്വർണക്കൊളള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. വാസു ജയിലിൽ തുടരും. വാസുവിന് ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടന്ന് പ്രോസിക്യൂഷൻ വാദിച്ചു.
കട്ടിളപ്പാളിയിലെ സ്വർണമോഷണ കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. വാതിൽ പാളിയിലെ സ്വർണം 2019 ൽ ഉരുക്കിയത് എൻ. വാസുവിന്റെ അറിവോടെയാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രത്യക അന്വേഷണ സംഘം വാസുവിനെ അറസ്റ്റു ചെയ്തത്. സ്വർണപ്പാളികൾ ചെമ്പാണെന്ന് എഴുതാൻ 2019 മാർച്ച് 19-ന് വാസു നിർദേശം നൽകിയെന്ന സ്ഥിരീകരിച്ചതോടെയായിരുന്നു വാസുവിനെ പ്രതിയാക്കിയത്. വാസു രണ്ടു തവണ ദേവസ്വം കമ്മീഷണറും പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റുമായിരുന്നു.
















