Homepage Featured India News

ഈ നിർദേശം ഭരണഘടനാ വിരുദ്ധം; സഞ്ചാർ സാഥിക്കെതിരെ കോൺ​ഗ്രസ്

ഡൽഹി: ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ പുറത്തിറക്കിയ സഞ്ചാർ സാഥി ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാനുള്ള നിർദേശം ഭരണഘടനാ വിരുദ്ധമെന്ന് കോൺ​ഗ്രസ്. എക്സിലൂടെ കോൺ​ഗ്രസ് നേതാവ് കെസി വേണു​ഗോപാൽ ഇതു സംബന്ധിച്ച് വ്യക്തത വരുത്തി. മൊബൈൽ ഫോണിന്റെ ആധികാരികത ഉറപ്പാക്കാനായി സഞ്ചാർ സാഥി എന്ന ആപ്ലിക്കേഷൻ ഉപഭോക്താക്കൾ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്നായിരുന്നു ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ പുറത്തിറക്കിയ നിർദേശം. ഇതിനെതിരെയാണ് ഇപ്പോൾ കോൺ​ഗ്രസ് നേതൃത്വം രം​ഗത്ത് എത്തിയിരിക്കുന്നത്.

പൗരന്റെ ചലനങ്ങളെ അനധികൃതമായി നിരീക്ഷിക്കാനുള്ള ഉപകരണമാണിതെന്ന് കെസി വേണു​ഗോപാൽ കുറ്റപ്പെടുത്തി. ഈ ആപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയാത്തതാണെന്നും ഇത് സ്വകാര്യതയ്ക്കുള്ള പൗരന്റെ മൗലികാവകാശത്തെ ഹനിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഭരണഘടനയുടെ ആർട്ടിക്കിൾ 21 ൽ ഉൾപ്പെടുത്തിയിരിക്കുന്ന ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ് സ്വകാര്യതയ്ക്കുള്ള അവകാശം. അൺഇൻസ്റ്റാൾ ചെയ്യാൻ കഴിയാത്ത മുൻകൂട്ടി ലോഡുചെയ്‌ത ഒരു സർക്കാർ ആപ്പ് ഓരോ ഇന്ത്യക്കാരനെയും നിരീക്ഷിക്കുന്നതിനുള്ള ഒരു ‘ഡിസ്റ്റോപ്പിയൻ’ ഉപകരണമാണ്. ഓരോ പൗരന്റെയും ഓരോ ചലനവും ഇടപെടലും തീരുമാനവും നിരീക്ഷിക്കാനുള്ള ഒരു മാർഗമാണിത്.’- കെസി വേണു​ഗോപാൽ പറഞ്ഞു.

ഇന്ത്യൻ പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾക്കെതിരായ നിരന്തരമായ ആക്രമണങ്ങളുടെ ഒരു നീണ്ട പരമ്പരയുടെ ഭാഗമാണിതെന്നും ഇത് തുടരാൻ അനുവദിക്കില്ലെന്നും കെസി വേണു​ഗോപാൽ പറയുന്നു. ഈ നിർദ്ദേശം ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Posts