ഡൽഹി: രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളിൽ സൈബർ സുരക്ഷ മുൻനിർത്തി കേന്ദ്രസർക്കാരിൻ്റെ ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബിൽറ്റായി ഉൾപ്പെടുത്താനുള്ള നീക്കത്തിൽ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ‘സഞ്ചാർ സാഥി’ ആപ്പ് ഉപഭോക്താക്കളുടെ ഫോണുകളിൽ നിർബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
എല്ലാ ഫോണുകളിലും നിർബന്ധമായും മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യണമെന്ന് സർക്കാർ മൊബൈൽ നിർമാണക്കമ്പനികൾക്ക് നിർദേശം നൽകിയെങ്കിലും സഞ്ചാർ സാഥി ആപ്പ് ഫോണിൽ നിന്ന് നീക്കാൻ ഉപയോക്താവിന് കഴിയുമെന്ന് മന്ത്രി പറഞ്ഞു. തട്ടിപ്പിൽ ഉൾപ്പെട്ട ഐഎംഇഐ നമ്പറുള്ള ഫോണല്ല ഉപഭോക്താവ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണ് ആപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വിശദീകരിച്ചു.
മൊബൈൽ ഫോണിന്റെ ആധികാരികത ഉറപ്പാക്കാനായി സഞ്ചാർ സാഥി എന്ന ആപ്ലിക്കേഷൻ ഉപഭോക്താക്കൾ നിർബന്ധമായും ഇൻസ്റ്റാൾ ചെയ്യണമെന്ന ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ പുറത്തിറക്കിയ നിർദേശമായിരുന്നു നേരത്തേ വിവാദമായത്. തുടർന്ന് ഈ നിർദേശം ഭരണഘടനാ വിരുദ്ധമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.
മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമെന്ന് സിപിഎം ആരോപിച്ചു. ഇന്ത്യൻ പൗരന്മാരുടെ ഭരണഘടനാ അവകാശങ്ങൾക്കെതിരായ നിരന്തരമായ ആക്രമണങ്ങളുടെ ഒരു നീണ്ട പരമ്പരയുടെ ഭാഗമാണിതെന്നും ഇത് തുടരാൻ അനുവദിക്കില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞിരുന്നു. ഈ നിർദ്ദേശം ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















