പാലക്കാട്: പീഡനക്കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് നിന്ന് രക്ഷപ്പെടാൻ സഹായിച്ച ചുവന്ന കാർ ഉപയോഗിച്ചിരുന്നത് മുതിർന്ന കോൺഗ്രസ് നേതാവെന്ന് സൂചന. ഇതുസംബന്ധിച്ച് സ്റ്റാഫ് അംഗങ്ങളിൽ നിന്ന് നിർണായക വിവരങ്ങൾ കിട്ടിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രാഹുൽ പാലക്കാട് നിന്ന് രക്ഷപ്പെടാൻ ഉപയോഗിച്ചെന്ന് കരുതുന്ന ഈ ചുവന്ന പോളോ കാറിൻ്റെ ഉടമയുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും.
അതേസമയം ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ആറാം ദിവസവും പൊലീസ് കണ്ടെത്തിയില്ല. കൊയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. രാഹുൽ പാലക്കാട് നിന്ന് പൊള്ളാച്ചി വഴി കോയമ്പത്തൂരിലേക്ക് പോയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ട വഴിയെക്കുറിച്ചും സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. ആദ്യം പൊള്ളാച്ചിയില്‍ എത്തിയ രാഹുല്‍ വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും അവിടെ തങ്ങി. പിന്നാലെ അവിടെനിന്ന് കോയമ്പത്തൂരിലേക്ക് മാറിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
നടിയുടെ കാറിൽ ആണ് അന്യ സംസ്ഥാനത്തേക്ക് പോയതെന്ന് റിപ്പോർട്ടുണ്ട് ഏത് സാഹചര്യത്തിലാണ് കാർ ഉടമയായ നടി വാഹനം രാഹുലിന് കൈമാറിയതെന്ന് അന്വേഷിക്കും. കാർ ഉടമയെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതിയുടെ സഹപ്രവർത്തകരിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. ഗർഭച്ഛിദ്രത്തിന് ശേഷം പെൺകുട്ടി ശാരീരികമായി തളർന്നിരുന്നുവെന്നാണ് സഹപ്രവർത്തകരുടെ മൊഴി. നാളെയാണ് രാഹുലിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
പരാതിക്കാരിക്കെതിരായ സൈബർ അധിക്ഷേപത്തിൽ കേരളത്തിൽ മൊത്തം 20 ലധികം കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യൂട്യൂബർ രാഹുൽ ഈശ്വർ സൈബർ ഇടത്തെ മോശം പരാമർശങ്ങളുടെ പേരിൽ 14 ദിവസത്തേക്ക് റിമാൻഡിലായിട്ടുണ്ട്.
















