തിരുവനന്തപുരം: മുൻകൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്ന് പുതിയ ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. ബലാത്സംഗ കേസിൽ നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പുതിയ ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയിരിക്കുന്നത്. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹര്‍ജി നൽകിയത്.
ബിഎൻസ് 366 വകുപ്പ് പ്രകാരമാണ് രാഹുൽ ഹര്‍ജി നൽകിയത്. കോടതിക്ക് നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്താൻ ഈ വകുപ്പ് പ്രകാരം കഴിയും. വാർത്ത കൊടുക്കുന്നതിന് കോടതിയുടെ മുൻകൂർ അനുമതി ആവശ്യപ്പെടാം. ബലാത്സംഗ കേസുകളിൽ കോടതിക്ക് ഇതിൽ ഇളവ് വരുത്താനുമാകും. പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാം. എന്നാൽ, ഹർജിയിൽ ഇക്കാര്യങ്ങൾ അഭിഭാഷകൻ പ്രത്യേകമായി ഉന്നയിച്ചിട്ടില്ല. ഈ വകുപ്പ് പ്രകാരം ഹർജി കേൾക്കണമെന്ന് മാത്രമാണ് ഹര്‍ജിയിലെ ആവശ്യം. അതേസമയം, അടച്ചിട്ട കോടതിയിൽ കേസ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്.
എസ്ഐടി സംഘം വീണ്ടും രാഹുലിന്‍റെ ഫ്ലാറ്റിലെത്തി കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്ഐടി. ഇക്കാര്യങ്ങളിലടക്കം കൂടുതൽ വിവരങ്ങള്‍ തേടുന്നതിനായാണ് കെയര്‍ ടേക്കറുടെ മൊഴിയെടുത്തത്.
കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30 ന് ഫ്ലാറ്റിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും രാഹുൽ വ്യാഴാഴ്ച വൈകിട്ട് ഫ്ലാറ്റിൽ എത്തിയതിനെ കുറിച്ച് അറിയില്ലെന്നുമാണ് കെയര്‍ടേക്കറുടെ മൊഴി. സിസിടിവി സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് കെയർടേക്കര്‍ മൊഴി നൽകി.
ചുവന്ന പോളോ കാർ രണ്ടാഴ്ചയായി ഫ്ലാറ്റിൽ ഉണ്ടായിരുന്നു. വ്യാഴാഴ്ചയ്ക്ക് ശേഷം കാർ ഫ്ലാറ്റിൽ വന്നിട്ടില്ല. മൂന്ന് കാറും എംഎൽഎ മാറി മാറി ഉപയോഗിച്ചിരുന്നുവെന്നും കെയർടേക്കർ മൊഴി നൽകി.
അതേസമയം രാഹുല്‍ മാങ്കൂട്ടത്തിൽ ഒളിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരില്‍ ആണെന്ന് പുതിയ വിവരം. ഇന്നലെ രാവിലെ വരെ രാഹുൽ ഇവിടെയായിരുന്നു. അതിന് ശേഷം കർണാടകയിലേക്ക് കടന്നതായാണ് സംശയം. ഒളിവിലുള്ള രാഹുൽ കാറുകൾ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവടങ്ങളിലും താമസിച്ചതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
















