തിരുവനന്തപുരം: മസാല ബോണ്ടുമായി ബന്ധപ്പെട്ട ഇഡി നോട്ടീസിൽ വിശദീകരണം നൽകി കിഫ്ബി സിഇഒ. ഇഡി നോട്ടീസിലെ ഫെമ ചട്ടം ലംഘിച്ചെന്ന വാദം തെറ്റാണെന്ന് കിഫ്ബി സിഇഒ പ്രതികരിച്ചു. മസാല ബോണ്ട് വിനിയോഗത്തിൽ ക്രമക്കേടില്ലെന്നും ആർബിഐ നിർദേശം കൃത്യമായി പാലിച്ചാണ് എല്ലാ നിർദേശമെന്നും കിഫ്ബി പറയുന്നു. മുമ്പ് വിഷയത്തിൽ നോട്ടീസുകൾ അയച്ചത് 2021ലെ നിയമസഭ, 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തും 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പും ആണെന്നും നോട്ടീസ് രാഷ്ട്രീയ പ്രേരിതമാണെന്നും കിഫ്ബി സിഇഒ വ്യക്തമാക്കി.
2019 ൽ കിഫ്ബി മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയടക്കമുളളവർക്ക് കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്‍റ് അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റിയുടെ നോട്ടീസ് ലഭിച്ചിരുന്നു. വിദേശത്തുനിന്നുള്ള ധനസമാഹരണത്തിൽ ഫെമ ചട്ട ലംഘനം ഉണ്ടെന്ന ഇ ഡി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചത്. 2672 കോടി രൂപ സമാഹരിച്ചതിൽ 467 കോടി രൂപ ഭൂമി വാങ്ങാൻ കിഫ്ബി ഉപയോഗിച്ചതാണ് ചട്ടലംഘനമായി ഇഡി ആരോപിക്കുന്നത്.
ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് വഴിയും സിംഗപ്പൂർ സ്റ്റോക് എക്സേഞ്ച് വഴിയും മസാല ബോണ്ടിറക്കി വിദേശത്തുനിന്ന് സംസ്ഥാന സർക്കാർ ധനസമാഹരണം നടത്തിയത് ചട്ട വിരുദ്ധമാണെന്നാണ് കഴിഞ്ഞ ജൂൺ 27ന് ഇഡി കൊച്ചി യൂണിറ്റ് സമർപ്പിച്ച അന്വേഷണ റിപ്പോർടിൽ ഉളളത്. തുടർ നടപടിയുടെ ഭാഗമായിട്ടാണ് ഡൽഹിയിലുളള അഡജ്യൂഡിക്കേറ്റിങ് അതോറിറ്റി മുഖ്യമന്ത്രി, ധനമന്ത്രിയായിരുന്ന തോമസ് ഐസക്, കിഫ്ബി സിഇഒ അടക്കമുളളവർക്ക് നവംബർ 12ന് നോട്ടീസ് അയച്ചു.
ഒരു തരത്തിലുള്ള ഫെമ ചട്ടലംഘനവും നടന്നിട്ടില്ലെന്നും പതിനായിരം കോടികളുടെ പ്രൊജക്ടായതിനാൽ അഴിമതി നടന്നെന്ന ചിന്ത ബിജെപിയെപ്പോലെയാണ് എല്ലാവരുമെന്ന ചിന്തയിൽ നിന്ന് വന്നതാണെന്ന് തോമസ് ഐസകും കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. കിഫ്ബി ഭൂമി വാങ്ങിയിട്ടില്ലെന്നും അക്വയർ ചെയ്യുകയാണ് ചെയ്തതെന്നും അത് അനുവദനീയമാണെന്നും തോമസ് ഐസക് വിശദീകരിച്ചു. മാത്രമല്ല, മസാലബോണ്ടിന്റെ ഈ നിബന്ധന കിഫ്ബി ഫണ്ട് വിനിയോഗ സമയമായപ്പോഴേക്കും റിസർവ്വ് ബാങ്ക് ഒഴിവാക്കുകയും ചെയ്തെന്നും അദ്ദേഹം പറയുന്നു. സംസ്ഥാനത്തെ ആസ്തി വികസനത്തിനാണ് ധനസമാഹരണം നടത്തിയതെന്നും നിയമപരമായിത്തന്നെ നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു.
അർദ്ധ ജുഡീഷ്യൽ അധികാരമുളള അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി ഇഡിയുടെ കണ്ടെത്തൽ അംഗീകരിച്ചാൽ കിഫ്ബി പിഴയൊടുക്കേണ്ടിവരും. അത്തരം സാഹചര്യം ഉണ്ടായാൽ കിഫ്ബിക്ക് അപലേറ്റ് ട്രിബ്യൂണൽ വഴി തീരുമാനത്തെ ചോദ്യം ചെയ്യാൻ അവസരമുണ്ടാകും.
















