ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിനെത്തുടർന്ന് ചെന്നൈയിൽ കനത്ത മഴ. കൊച്ചിയിലേക്കുള്ളതടക്കം ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 12 ഓളം വിമാന സർവീസുകൾ റദ്ദാക്കി. കൊച്ചിയിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായതും ജനങ്ങളെ വലച്ചു. ചെന്നൈയിലും തിരുവള്ളൂരിലും പുലർച്ചയോളം പല സ്ഥലങ്ങളിലും മഴ തുടർന്നു.
ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്നാട്ടിൽ ഇന്നും മഴ തുടരുമെന്നാണ് അറിയിപ്പ്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം അടക്കം 7 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.
രണ്ട് ജില്ലകളിൽ പ്രളയത്തിന് സാധ്യതയുള്ളതായി ഇന്നലെ കേന്ദ്ര ജല കമ്മീഷൻ അറിയിച്ചിരുന്നു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെന്നൈയിൽ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
















