തിരുവനന്തപുരം: കെഎം ഷാജഹാന്റെ ഉള്ളൂരിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജാതിസ്പർദ്ധ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി എഡിജിപി എസ് ശ്രീജിത്ത് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. പൊലീസ് എത്തുമ്പോൾ ഷാജഹാനും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. പൊലീസ് സംഘം എത്തിയപ്പോൾ ഷാജഹാന്റെ വീട്ടിൽ ജോലിക്കുള്ള സ്ത്രീ ഉണ്ടായിരുന്നു. കോടതിയുടെ വാറണ്ടിൻറെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
കെഎം ഷാജഹാൻ യു ട്യൂബിലൂടെ എഡിജിപി എസ് ശ്രീജിത്തിനെ അപകീർത്തിപ്പെടുത്തി എന്നും ജാതിസ്പർദ്ധ വളർത്തുന്നുമെന്നുമാണ് കേസ്. ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ശ്രീജിത്തിന് പങ്കുണ്ടെന്നായിരുന്നു ഷാജഹാൻ്റെ ഒരു വീഡിയോയുടെ ഉള്ളടക്കം.
വീഡിയോകളിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ച് സിപിഐ എം നേതാവ് കെ ജെ ഷൈൻ നൽകിയ പരാതിയിൽ കെഎം ഷാജഹാനെ നേരത്തെയും (സെപ്റ്റംബർ 26, 2025) പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
















