തിരുവനന്തപുരം: സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ബുധനാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷ പരിഗണനയിലിരിക്കുമ്പോൾ അറസ്റ്റു ചെയ്യുന്നതിൽ തടസമില്ലാത്തതിനാൽ പൊലീസ് ഒളിവിൽ കഴിയുന്ന രാഹുലിനായി തിരച്ചിൽ നടത്തുന്നുണ്ട്. പാലക്കാട്, പത്തനം തിട്ട ജില്ലകളിൽ വിവിധയിടങ്ങളിൽ പരിശോധന നടന്നു.
അതേസമയം രാഹുലുമായി ബന്ധമുള്ള ചിലരെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇവര്‍ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ജോബി ജോസഫിനായും തിരച്ചിൽ തുടരുകയാണ്. രാഹുലിന്‍റെ സുഹൃത്തുക്കളുടെ വീടുകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് തിരച്ചിൽ. സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും രാഹുലിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
പീഡനത്തിനിരയായ സ്ത്രീ ചികിത്സ തേടിയ ആശുപത്രിയിലെ രേഖകൾ പൊലീസ് കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ഗർഭഛിദ്രത്തിനായി രാഹുലും ജോബിയും യുവതിക്ക് നൽകിയത് അപകടകരമായ മരുന്നുകളെന്ന് ഡോക്ടർമാർ മൊഴി നൽകിയിട്ടുണ്ട്. ഗർഭിണിയായ ശേഷം രണ്ടു മാസം കഴിഞ്ഞ് മെയ് 30നാണ് യുവതി മരുന്ന് കഴിച്ചത്. യുവതിക്ക് രക്തസ്രാവമുണ്ടായെന്നും തുടർന്ന് സ്വകാര്യ ആശുപത്രിയിലും സർക്കാർ ആശുപത്രിയിലും യുവതി ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിലവിൽ യുവതിക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വൈദ്യപരിശോധനയുടെ രേഖകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്. പരാതിക്കാരിയുമായി പീഡനം നടന്ന ഫ്ലാറ്റിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തി വിവരങ്ങൾ മഹസറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
















