Homepage Featured Kerala News

മസാല ബോണ്ട്: മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും നോട്ടീസ്; കിഫ്ബി കേരളത്തിന്റെ വികസനത്തിനെന്ന് എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: മസാല ബോണ്ട് ഇറക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനമന്ത്രി തോമസ് ഐസകിനും ഉദ്യോ​ഗസ്ഥർക്കും ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസയച്ചു. കിഫ്ബി ധനസമാഹരണത്തിനായി മസാല ബോണ്ട് ഇറക്കിയതിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചുവെന്നാണ് ഇഡി പറയുന്നത്.

മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ച അന്തിമ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഇഡി നോട്ടീസ് നൽകിയിരിക്കുന്നത്. മൂന്നംഗ സമിതിയാണ് അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി. ഇഡിയുടെ ആരോപണം ശരിയാണോ എന്നും ഈ മൂന്നം​ഗ സമിതി പരിശോധിക്കും. ശരിയാണെന്ന് അതോറിറ്റി കണ്ടെത്തിയാൽ കിഫ്‌ബിക്ക് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാനും സൗകര്യമുണ്ടാകും.

മുഖ്യമന്ത്രിക്കും മറ്റുള്ളവർക്കും നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ മുഖേനെയോ നോട്ടീസിന് മറുപടി നൽകാം. മുഖ്യമന്ത്രി അടക്കം നാല് എതിർകക്ഷികളുടെ വാദം കേൾക്കും. ഫെമ നിയമലംഘനം ഉണ്ടെന്ന് തെളിഞ്ഞാൽ കിഫ്‌ബിയിൽ നിന്ന് പിഴ ഈടാക്കും. സമാഹരിച്ച തുകയുടെ പരമാവധി 300 ശതമാനം വരെ പിഴ ചുമത്താൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കേരളത്തിന്റെ വികസനത്തിന് വേണ്ടിയാണ് കിഫ്ബിയെന്നും ഇപ്പോൾ ഉണ്ടായത് ബിജെപിയുടെ രാഷ്ട്രീയത്തിന്റെ ഭാ​ഗമായി വന്ന കേസാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പ്രതികരിച്ചു. തോമസ് ഐസക്കിനെ നേരത്തേ ഇഡി വിളിപ്പിച്ചിരുന്നു. തന്നെ എന്തിനാണ് വിളിപ്പിച്ചതെന്ന് നിയമപരമായി ഐസക് അന്ന് ചോദിച്ചിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ഹാജരാകാൻ മനസ്സില്ലെന്നും എന്തിനാണ് തന്നെ വിളിപ്പിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും തോമസ് ഐസക് ആവർത്തിച്ചു. നേരത്തേ കോടതിയും ഐസക്കിന്റെ നിലപാട് ശരിവെച്ചിരുന്നു. രാഷ്ട്രീയത്തിന്റെ ഭാ​ഗമായാണ് ബിജെപി തനിക്കെതിരെ നീങ്ങുന്നതെന്നും തോമസ് ഐസക് നേരത്തേ പറഞ്ഞിരുന്നു.

കിഫ്ബി നൂറു ശതമാനം അഴിമതിയാണെന്ന് കോമ്‍​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. നരേന്ദ്രമോദി ചെയ്ത അതേ കാര്യമാണ് പിണറായി ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Related Posts