Homepage Featured Kerala News

‘തെരഞ്ഞെടുപ്പ് വന്നു ED-യുടെ KIIFB നാടകം തുടങ്ങി’; മസാല ബോണ്ടിനെതിരെയുള്ള നോട്ടീസിൽ പ്രതികരിച്ച് തോമസ് ഐസക്

ആലപ്പുഴ: മസാല ബോണ്ടിനെതിരെയുള്ള ED-യുടെ നോട്ടീസിൽ പ്രതികരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് ആയതോടെ ഇഡി പതിവ് കിഫ്ബി കലാപരിപാടി ആരംഭിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. 2020-ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മസാലബോണ്ട് സംബന്ധിച്ച ആദ്യ നോട്ടീസ് വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇഡി വേട്ട ഉച്ചസ്ഥായിയിലായിെന്നും പിന്നെ, ഇഡി വാള് വീശിയിറങ്ങിയത് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് സമയത്താണെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തിൽ ഇപ്പോൾ വീണ്ടും തദ്ദേശ തെരഞ്ഞെടുപ്പ് കാലമായപ്പോൾ മസാലബോണ്ട് കേസുമായി ഇഡി വീണ്ടും പുറപ്പെട്ടിരിക്കുകയാണെന്ന് തോമസ് ഐസക് പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ടി.എം. തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവർക്കു ലഭിച്ച ഇഡി നോട്ടീസിനെക്കുറിച്ചാണ് തോമസ് ഐസക്കിന്റെ പ്രതികരണം. നാല് ദിവസം മുമ്പാണ് നോട്ടീസ് ഇവർക്ക് ലഭിച്ചത്.

ഇതുവരെയും അന്വേഷണത്തിന് ഇഡി ഓഫീസിൽ ഹാജരാകാനായിരുന്നു തനിക്ക് നോട്ടീസുകൾ നൽകിയിരുന്നത്. തന്റെ കുടുംബാംഗങ്ങളുടെയടക്കം ബാങ്ക് രേഖകളുമായി ഹാജരാകാനായിരുന്നു ആദ്യ നോട്ടീസെന്ന് തോമസ് ഐസക് പറഞ്ഞു. ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും എന്തിനാണ് ഈ രേഖകൾ എന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ താൻ ഹർജി സമർപ്പിച്ചിരുന്നെന്നും തോമസ് ഐസക് പറഞ്ഞു. പിന്നീട് രേഖകളുടെ എണ്ണം കുറച്ച് തന്നോട് ഹാജരാകാൻ ഇഡി ആവശ്യപ്പെട്ടുവെന്നും ചോദ്യം ചെയ്യലിന്റെ കാരണം വ്യക്തമാക്കാനാവശ്യപ്പെട്ട് താൻ വീണ്ടും കോടതിയിൽ പോയെന്നും തോമസ് ഐസക് പറയുന്നു. കോടതിയും ഐസക്കിന്റെ വാദം അം​ഗീകരിച്ചതായും ഐസക് പറഞ്ഞു. എന്നാൽ ഇഡി തന്റെയോ കോടതിയുടെയോ ചോദ്യത്തിന് ഇതുവരെ ഉത്തരം നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു തരത്തിലുള്ള ഫെമ ലംഘനങ്ങളും നടന്നിട്ടില്ലെന്നും പതിനായിരം കോടിയുടെ പ്രൊജക്ടായതിനാൽ അഴിമതി നടന്നെന്ന ചിന്ത ബിജെപിയെപ്പോലെയാണ് എല്ലാവരുമെന്ന ചിന്തയിൽ നിന്ന് വന്നതാണെന്ന് തോമസ് ഐസക് ആരോപിച്ചു. ‘ഒരു ഫെമാ ലംഘനവും മസാലബോണ്ട് ഇടപാടിൽ ഉണ്ടായിട്ടില്ല. കാടുംപടലും തല്ലിയുള്ള ഒരു അന്വേഷണമാണ് ലക്ഷ്യം. പതിനായിരക്കണക്കിന് കോടി രൂപയുടെ പ്രൊജക്ടുകളല്ലേ കിഫ്ബി നടപ്പാക്കുന്നത്. തപ്പിയാൽ എന്തെങ്കിലും തടയുമെന്നായിരിക്കണം ഇഡിയുടെ രാഷ്ട്രീയ യജമാനന്മാരുടെ ചിന്ത. തങ്ങളെപ്പോലെയാണ് മറ്റെല്ലാവരുമെന്നാണ് ഡൽഹിയിലെ ബിജെപിക്കാർ കരുതുന്നത്. എത്ര തപ്പിയിട്ടും ഒന്നും കിട്ടുന്നില്ല. അതുകൊണ്ട് ഇത്തവണ അടവൊന്ന് മാറ്റിയിരിക്കുകയാണ്. ഞാൻ അന്വേഷണത്തിന്റെ ഭാഗമായുള്ള ചോദ്യം ചെയ്യലിനു ഹാജരാകണ്ട. കാരണം അന്വേഷണം അവർ അവസാനിപ്പിച്ചിരിക്കുകയാണ്. ഇതുവരെ നടന്ന അന്വേഷണത്തിൽ ഫെമ നിയമലംഘനം തെളിഞ്ഞിരിക്കുകയാണത്രേ! അതുകൊണ്ട് The Special Director of Enforcement Directorate (Adjudication), Head Quarters, New Delhi മുന്നിൽ കേസ് ഫയൽ ചെയ്തിരിക്കുകയാണ്. അതിനുള്ള ഷോക്കോസ് നോട്ടീസാണ് അയച്ചിരിക്കുന്നത്. നേരിട്ട് ഹാജരാകണമെന്നില്ല. നിയമജ്ഞനോ ചാർട്ടേർഡ് അക്കൗണ്ടന്റോ വഴി വിശദീകരണം നൽകിയാൽ മതി.’- തോമസ് ഐസക് പറഞ്ഞു.

മസാലബോണ്ട് വഴി സമാഹരിച്ച തുകയിലൊരു ഭാഗം ഭൂമി വാങ്ങാൻ (purchase) ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് മസാലബോണ്ട് നിബന്ധന പ്രകാരം പാടില്ലാത്തതാണെന്നുമാണ് ഇഡി കണ്ടെത്തിയ കുറ്റമെന്ന് തോമസ് ഐസക് പറഞ്ഞു. പക്ഷേ, കിഫ്ബി ഭൂമി വാങ്ങിയിട്ടില്ലെന്നും അക്വയർ ചെയ്യുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. അത് അനുവദനീയമാണെന്ന് തോമസ് ഐസക് പറയുന്നു. മാത്രമല്ല, മസാലബോണ്ടിന്റെ ഈ നിബന്ധന കിഫ്ബി ഫണ്ട് വിനിയോഗ സമയമായപ്പോഴേക്കും റിസർവ്വ് ബാങ്ക് ഒഴിവാക്കുകയും ചെയ്തതെന്ന് അദ്ദേഹം പറയുന്നു.

വെറുതേ വിരട്ടേണ്ടെന്നും ഇഡിയെ പേടിയില്ലെന്നും രാഷ്ട്രീയം കളിച്ച് കേന്ദ്ര അന്വേഷണ ഏജൻസിയുടെ വില കളയരുതെന്നും ഐസക് കൂട്ടിച്ചേർത്തു. എന്തൊക്കെ പ്രതിബന്ധം സൃഷ്ടിച്ചാലും നവകേരളം സൃഷ്ടിക്കുമെന്ന് കേരളത്തിലെ ജനങ്ങൾക്ക് നൽകിയിരിക്കുന്ന വാഗ്ദാനത്തിൽ നിന്ന് ഒരിഞ്ചുപോലും പുറകോട്ടു പോകാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ പ്രതികരണത്തെയും തോമസ് ഐസക് വിമർശിച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡി കേസെടുത്ത ദിവസം തന്നെയാണ് ഇഡിയെ പിന്താങ്ങാൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പുറപ്പെട്ടിട്ടുള്ളത് തോമസ് ഐസക് ഓർമിപ്പിച്ചു.

Related Posts