ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് ടിവികെ നേതാവും തെന്നിന്ത്യൻ താരവുമായ വിജയ് നടത്തിയ പ്രസംഗത്തിന് പിന്നാലെ വിജയിക്കെതിരെ നടൻ രഞ്ജിത്ത് രംഗത്ത്. വിജയിയെ കണ്ടാൽ മുഖത്തടിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴക വെട്രി കഴകം രണ്ടാം വാർഷിക സമ്മേളനത്തിലാണ് വിജയ് മോദിയെ രൂക്ഷ ഭാഷയിൽ വിമർശിച്ചത്.
മറവി ബാധിച്ച വിജയ് ഇപ്പോൾ ശകാര ഭാഷയാണ് പ്രയോഗിക്കുന്നത്. പ്രധാനമന്ത്രിയെ മിസ്റ്റർ എന്നാണ് വിജയ് വിളിച്ചത്. ഇതാണോ അയാളുടെ രാഷ്ട്രീയ സംസ്കാരമെന്നും രഞ്ജിത് ചോദിച്ചു. “മുസ്ലിം ജനതയെ മോദി വഞ്ചിച്ചുവെന്നാണ് വിജയ് പറയുന്നത്. അങ്ങനെയൊരാളെ കാണാന്‍ എന്തിനാണ് അന്ന് വന്നത്? ഇതാണോ സംസ്കാരം? പ്രശസ്തിക്കായും തൊഴില്‍ ഇല്ലാത്തത് കൊണ്ടുമല്ല താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നാണ് വിജയ് പറയുന്നത്. ആരാണ് സിനിമയില്ലാതെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്? എംജിആറോ? അതോ ജയലളിതയോ? അതോ ക്യാപ്റ്റന്‍ വിജയകാന്തോ? ഇവരാരുമല്ല. ഇനി കമല്‍ഹാസനെ ഉദ്ദേശിച്ചായിരിക്കാം പറഞ്ഞത്,” രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
പഴയതൊന്നും വിജയ് മറക്കരുത്. താനൊരു വോട്ടറാണ്, പൗരനാണ്, പ്രധാനമന്തി പിതൃതുല്യനാണ്. അദ്ദേഹത്തെ കുറിച്ച് കൈ ഞൊടിച്ച് മോശമായി സംസാരിക്കുമ്പോഴെല്ലാം തന്‍റെ ഹൃദയം വേദനിച്ചുവെന്നും രഞ്ജിത്ത് പറഞ്ഞു. 2016 ഏപ്രിൽ 16ന് കോയമ്പത്തൂരിൽ മോദിയെ കാണാൻ പൂച്ചക്കുട്ടിയെപ്പോലെ വിജയ് കൈകൂപ്പി ഇരുന്നത് ആരും മറന്നിട്ടില്ലെന്നും രഞ്ജിത് പറഞ്ഞു.
തന്റെ രാഷ്ട്രീയ പാർട്ടിയുടെ വാർഷിക സമ്മേളനത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ രൂക്ഷ ഭാഷയിൽ വിമർശിക്കുന്നതായിരുന്നു വിജയിയുടെ പ്രസംഗം. എം.ജി.ആർ തമിഴ്നാട് രാഷ്ട്രീയത്തിൽ കത്തിക്കയറിയത് പോലെ വിജയ് പ്രസംഗങ്ങളിലുടെ തമിഴക രാഷ്ട്രീയത്തിൽ നിർണായക ചുവടുവയ്ക്കുമെന്ന വിലയിരുത്തലുമെത്തി. എന്നാൽ വിജയിയുടെ രാഷ്ട്രീയ പ്രസംഗങ്ങളെ എതിർത്ത് തമിഴ്നാട് ബി.ജെ.പിയും , പിന്നാലെ ഡി.എം.കെയും രംഗത്തെത്തിയിരുന്നു. അടുത്തിടെ കോൺഗ്രസുമായി വിജയ് അടുക്കുന്നു എന്ന തരത്തിലുള്ള വാർത്തകളും സജീവമാണ്.