Homepage Featured Kerala News

പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടി; 5 മുതൽ 15 രൂപ വരെ വർധനവ്

കൊച്ചി: പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിച്ച് കരാർ കമ്പനി. അഞ്ച് മുതൽ പത്ത് രൂപ വരെയാണ് വിവിധ വാഹനങ്ങൾക്ക് ടോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. നിരക്ക് വർധനവുമായി ബന്ധപ്പെട്ട കരാര്‍ കമ്പനിയായ ജിഐപിഎല്ലിന്റെ ആവശ്യം ദേശീയ ഹൈവേ അതോറിറ്റി അംഗീകരിക്കുകയായിരുന്നു. കേരള ഹൈക്കോടതി ഉത്തരവ് പ്രകാരം സെപ്റ്റംബർ 9ന് ടോൾ പ്ലാസ വീണ്ടും തുറക്കുന്നതുമുതൽ പുതുക്കിയ നിരക്ക് നിലവിൽ വരും.

കാറുകൾക്ക് ഒരു ഭാഗത്തേക്ക് പോകാൻ 90 രൂപ നൽകിയിരുന്നത് ഇനി 95 ആകും. ദിവസം ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപയെന്നതിൽ മാറ്റമില്ല. ചെറുകിട വാണിജ്യ വാഹനങ്ങൾക്കുള്ള ടോൾ നിരക്ക് 160 രൂപയെന്നത് 165 രൂപയാകും. ഒന്നിൽ കൂടുതലുള്ള യാത്രകൾക്ക് 240 എന്നത് 245 ആകും. ബസ്, ട്രക്ക് എന്നിവയ്ക്ക് 330, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 495. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് 530, ഒന്നില്‍ കൂടുതല്‍ യാത്രകള്‍ക്ക് 795 രൂപയുമാണ് ഈടാക്കുക.

പുതിയ അടിപ്പാതകളുടെ നിർമാണം തുടങ്ങിയപ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ ബദൽ സംവിധാനമൊരുക്കിയിരുന്നില്ല. ഇതോടെ സർവീസ് റോഡുകൾ തകരുകയും മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടാകുകയും ചെയ്തതോടെയാണ് ടോൾ പിരിവ് നിർത്തിവച്ചത്. എന്നാൽ അടിപ്പാതകളുടെ നിർമാണം മറ്റൊരു കമ്പനിക്കാണെന്നും പ്രശ്‌നങ്ങൾക്കു കാരണം തങ്ങളല്ലെന്നുമാണ് ടോൾ കരാർ കമ്പനിയായ ജിഐപിഎല്ലിന്റെ വാദം.

സാധാരണഗതിയിൽ എല്ലാ വർഷവും സെപ്റ്റംബർ ഒന്നിനാണ് പാലിയേക്കരയിൽ ടോൾ നിരക്ക് വർധിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പുതുക്കിയ നിരക്ക് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളും കരാർ ലംഘനങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് വീണ്ടും ടോൾ വർധനവെന്നതും ശ്രദ്ധേയമാണ്.

Related Posts