ബെയ്ജിങ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ബ്രിക്സ് രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന നിലപാടുമായി ട്രംപ് മുന്നോട്ട് വന്നതിനു പിന്നാലെയാണ് ശക്തമായ മറുപടിയുമായി പുടിൻ രംഗത്തെത്തിയിരിക്കുന്നത്. ബ്രിക്സ് അംഗരാജ്യങ്ങൾക്കുമേൽ വരുന്ന ഏതൊരു ഉപരോധത്തെയും ഒറ്റക്കെട്ടായി നേരിടുമെന്നും, ഇതിനെതിരെ റഷ്യയും ചൈനയും പൊതു നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രസിൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാൻ, സൗദി അറേബ്യ, എത്യോപ്യയ, ഈജിപ്ത്, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങൾ. ഈ രാജ്യങ്ങളുടെ വികസനപ്രവർത്തനങ്ങൾക്കും, അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി റഷ്യയും ചൈനയും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും ചൈനയിലെ ടിയാൻജിൽ ഷാങ്ഹായ് സഹകരണ ഓർഗനൈസേഷന്റെ (എസ്സിഒ) ഉച്ചകോടിക്കായി എത്തിയ അദ്ദേഹം പറഞ്ഞു. ചൈനയിലെ സിൻഹുവ വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
എല്ലാ മനുഷ്യർക്കും ഉപകാരപ്പെടുന്ന തരത്തിലുള്ള പുരോഗതിയാണ് ആഗ്രഹിക്കുന്നതെന്നും, ആ ലക്ഷ്യത്തിലേക്ക് റഷ്യയും ചൈനയും ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ് സി ഒ യുടെ ആകർഷണം ലളിതവും, ശക്തവുമായ അതിന്റെ തത്ത്വങ്ങളാണെന്നും അതിനെ ശക്തിപ്പെടുത്തുമെന്നും പുടിൻ പറഞ്ഞു.
എസ് സി ഒ യിൽ പങ്കെടുക്കാനായി ടിയാൻജിനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. അമേരിക്ക ഇന്ത്യക്കുമേൽ ഏർപ്പെടിത്തിയ തീരുയുൾപ്പെടെ ചർച്ചയായേക്കാം. അതിനു മുൻപ് ഷിജിൻപിങ്ങുമായും മോദി ചർച്ച നടത്തിയിരുന്നു. നമ്മൾ എതിരാളികളല്ലെന്നും പങ്കാളികളാണെന്നും, പരസ്പര വിജയത്തിനായി പ്രവർത്തിക്കുന്ന പങ്കാളികളാകണമെന്നും മോദി പറഞ്ഞു. ഷിജിൻപിങ്ങിനെ ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തു.