Lead News News World

മാനവരാശിയുടെ പുരോഗതിയ്ക്ക് ഇന്ത്യ – ചൈന ബന്ധം അനിവാര്യം: മോദി

ന്യൂഡൽഹി: പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയെ അടിസ്ഥാനമാക്കി ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യയും ചൈനയും പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിൽ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

“കസാനിൽ ഞങ്ങൾ ഒരു ഉൽപ്പാദനക്ഷമമായ കൂടിക്കാഴ്ച നടത്തി. ഞങ്ങളുടെ ബന്ധത്തിന് ഒരു നല്ല ദിശ ലഭിച്ചു. അതിർത്തികളിൽ സമാധാനവും സ്ഥിരതയും ഉണ്ട്. കൈലാഷ് മാനസരോവർ യാത്ര പുനരാരംഭിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകളും ആരംഭിക്കുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തോടെ, 2.8 ബില്യൺ ജനങ്ങളുടെ താൽപ്പര്യങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു – ഇത് മനുഷ്യരാശിക്ക് ആവശ്യമാണ്,” മോദി പറഞ്ഞു.

രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്‌സിഒ ഉച്ചകോടിക്കായി ചൈനയിലേക്കെത്തുന്നത്. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സി‌ഒ) ഉച്ചകോടിക്ക് മുമ്പ് നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി മോദിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ഉണ്ട്. ഏഴ് വർഷത്തിന് ശേഷമാണ് നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നത്. ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടി ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നു, പ്രത്യേകിച്ചും യുഎസ് 50 ശതമാനം തീരുവ ചുമത്തിയതിന് ശേഷം നടക്കുന്ന സുപ്രധാന യോഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. 

ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ സ്ഥിരതയുണ്ടാക്കുമെന്ന് യാത്രയ്ക്ക് മുൻപ് നരേന്ദ്രമോദി ജപ്പാനിൽ പറഞ്ഞു. കഴിഞ്ഞവര്‍ഷം കസാനില്‍നടന്ന എസ്‌ സി ഒ ഉച്ചകോടിക്കിടെ ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യ-ചൈന ബന്ധത്തില്‍ ക്രിയാത്മകമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന് മോദി പറയുകയുണ്ടായി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും.

അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവ ഇന്ത്യന്‍ കയറ്റുമതിയെ സാരമായി ബാധിച്ച സാഹചര്യത്തിൽ പുതിയ വിപണി തേടുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഷി ജിന്‍പിങ് ആതിഥേയത്വം വഹിക്കുകയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമർ പുതിനും പങ്കെടുക്കുകയും ചെയ്യുന്ന ഉച്ചകോടി യുഎസ് അടക്കമുള്ള പശ്ചാത്യ രാജ്യങ്ങള്‍ അതീവ ജാഗ്രയോടെയാണ് വീക്ഷിക്കുന്നത്. ഒരു ബദല്‍ ശക്തിയായി നിലകൊള്ളാന്‍ കഴിവുള്ള ഒന്നായി ചൈനയെ ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിട്ടുള്ള ഒരു ഉച്ചകോടിയാണിതെന്ന് യുഎസ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

Related Posts