തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അച്ചടക്ക നടപടിയെടുത്ത രാഹുൽ മാങ്കൂട്ടത്തലിന്റെ വിഷയത്തിൽ ആദ്യഘട്ടത്തിൽ ഉണ്ടായ പ്രതിസന്ധി മറികടക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്. തുടക്കത്തിൽ എങ്ങനെ പ്രതിരോധിക്കണമെന്നു പോലും അറിയാതെ പകച്ചുപോയ പാർട്ടി ഇപ്പോൾ കുറെയൊക്കെ സമനില വീണ്ടെടുത്തിട്ടുണ്ട്. പരാതിക്കാർ പുതിയതായി ഇല്ലാത്തതും പരാതി പറഞ്ഞവർ അത് രേഖാമൂലം നൽകാത്തതും ഉപയോഗപ്പെടുത്താൻ തന്നെയാണ് കോൺഗ്രസിന്റെ തീരുമാനം.
ഇപ്പോൾ രാഹുലിനെതിരെ എടുത്തിട്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയപരമാണെന്ന് കോൺഗ്രസ് നേതൃത്വം തന്നെ വ്യാഖ്യാനിച്ചു തുടങ്ങിയിട്ടുണ്ട്. രാഹുൽ മാങ്കുട്ടത്തിന്റെ നിയമസഭാ പ്രവേശനം ഏത് രീതിയിൽ കൈകാര്യം ചെയ്യുമെന്നത് സംബന്ധിച്ചാണ് ഇപ്പോഴുള്ള ചർച്ച. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ പുറത്താക്കിയെങ്കിലും പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ മുൻ അധ്യക്ഷനെ എളുപ്പത്തിൽ എഴുതിത്തള്ളാൻ കോൺഗ്രസിന് കഴിയില്ല.
രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലേക്ക് പല നേതാക്കളുടെയും പ്രസ്താവനയും വന്നു കഴിഞ്ഞു.രാഹുൽ മാങ്കൂട്ടം നിയമസഭയിൽ വരുന്നത് അംഗമെന്ന നിലയിൽ രാഹുലിന്റെ അവകാശമാണെന്ന് മുതിർന്ന നേതാവ് എം.എം ഹസ്സൻ പറഞ്ഞു. സംരക്ഷണം ഒരുക്കുമോ എന്ന് ചോദ്യത്തിന് പ്രസക്തിയില്ലെന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ ഒരാളെ സംരക്ഷിക്കേണ്ടതില്ലെന്നും ആണ് അദ്ദേഹത്തിന്റെ പറച്ചിലെങ്കിലും നിയമസഭാ സമ്മേളനത്തിനു മുൻപായി കാര്യങ്ങളിൽ ഏകോപനം ഉണ്ടാക്കാൻ നേതാക്കൾ ശ്രമിക്കുന്നുണ്ട്.
മുകേഷ് എംഎൽഎയ്ക്കെതിരെ എന്ത് നടപടി എടുത്തുവെന്നും മുകേഷിനെതിരെ സ്ത്രീപീഡന പരാതിയും പോലീസ് കേസും ഉണ്ടായിരുന്നതായും എം എം ഹസ്സൻ ഉൾപ്പെടെയുള്ള നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. ആരോപണം വന്ന് മണിക്കൂറുകൾക്ക് ഉള്ളിൽ രാഹുലിനെതിരെ പാർട്ടി നടപടി എടുത്തു, സ്വന്തം മുന്നണിയിൽ ഉള്ളവർക്ക് എതിരെ ആരോപണം വന്നപ്പോൾ മാർക്സിസ്റ്റ് പാർട്ടി അതിനെ പറ്റി അന്വേഷിച്ചവെന്നും ഹസൻ ചോദിക്കുന്നു. സമാന രീതിയിൽ തന്നെയായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതിരോധവും.
ആരോപണങ്ങൾ ഭരണപക്ഷ അംഗങ്ങൾക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും അവരെയും നിയമസഭയിൽ നിന്ന് മാറ്റി നിർത്തേണ്ടേയെന്നും യു ഡി എഫ് കൺവീനർ അടൂർ പ്രകാശും ചോദിച്ചു. മുകേഷിന് നിയമസഭയിൽ വരാമെങ്കിൽ രാഹുലിനും വരാമെന്ന് കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫും പറഞ്ഞു. രാഹുലിനെതിരെ ഇതുവരെ പരാതിയും കേസും ഇല്ലെന്നും ഉയർന്നത് കഴമ്പില്ലാത്ത ആരോപണങ്ങൾ ആണെന്നുമാണ് കെപിസിസി പ്രസിഡണ്ട് പറഞ്ഞത്.
മുതിർന്ന നേതാക്കളുടെ ഈ പ്രസ്താവനകളെല്ലാം തെളിയിക്കുന്നത് രാഹുൽ മാങ്കൂട്ടം നിയമസഭയിൽ വെല്ലുവിളി നേരിട്ടാൽ അത് പാർട്ടിയുടെ പ്രതിച്ഛായയും ബാധിക്കുമെന്നാണ്. അതുകൊണ്ടുതന്നെ നിയമസഭാ സമ്മേളനത്തിനു മുമ്പ് രാഹുലിനെതിരെയുള്ള വിഷയങ്ങളിൽ പാർട്ടിക്ക് അകത്തുതന്നെ ധാരണയുണ്ടാകുമെന്നും ഇവർ പറയാതെ പറയുന്നുണ്ട്.