Local News

തൊണ്ടയിൽ പാൽ കുരുങ്ങി; പാലക്കാട് 4 മാസം പ്രായമുള്ള ആദിവാസി ശിശു മരിച്ചു

പാലക്കാട് മീനാക്ഷിപുരത്ത് പോഷകാഹാരക്കുറവു നേരിടുന്ന നാലുമാസം പ്രായമുള്ള ആദിവാസി കുഞ്ഞ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചു. ഗർഭിണികൾക്ക് പ്രതിമാസം നൽകുന്ന 2000 രൂപയുടെ സഹായം ലഭിച്ചിട്ടില്ലെന്ന് അമ്മ സംഗീത പറഞ്ഞു. മീനാക്ഷിപുരം സർക്കാർ ആദിവാസി ഉന്നതിയിൽ താമസിക്കുന്ന പാർഥിപൻ സംഗീത ദമ്പതികളുടെ പെൺകുഞ്ഞ് കനിഷ്കയാണ്‌  മരിച്ചത്.

പാൽ നൽകുന്നതിനിടെ അനക്കം ഇല്ലെന്ന് കണ്ടപ്പോൾ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിലെത്തുന്നതിനുമുമ്പ് കുഞ്ഞു മരിച്ചു. നാലുമാസം പ്രായമായ കുഞ്ഞിന്റെ തൂക്കം 2.200 കിലോഗ്രാം മാത്രമാണ്. കുഞ്ഞ് പോഷകാഹാര കുറവു നേരിട്ടിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞു. 2 വർഷം മുൻപ് ദമ്പതികളുടെ ആദ്യ പെൺകുഞ്ഞ് ഇതേ രീതിയിലാണ് മരിച്ചത്.

ആദിവാസി ഉന്നതി പദ്ധതി പ്രകാരം ഗർഭിണികൾക്ക് പ്രതിമാസം നൽകേണ്ട 2000 രൂപയുടെ സഹായം ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കുട്ടിയുടെ അമ്മ സംഗീത പറഞ്ഞു.ആദിവാസി ഉന്നതികളിൽ എത്തേണ്ട ട്രൈബൽ ഫീൽഡ് റിപ്പോർട്ടർമാർ തിരിഞ്ഞു നോക്കാത്തതാണ് ഗർഭിണികളുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥയെന്ന് ആരോപണമുണ്ട്. അട്ടപ്പാടിയിലടക്കം പാലക്കാട്ട് നവജാത ശിശുക്കൾ മരിക്കുന്നത് ഏറെ വിവാദമായിരുന്നു.

Related Posts