വയനാട്: ഒരു ജനതയുടെ വർഷങ്ങൾ നീണ്ടു നിന്ന യാത്രാദുരിതത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് നാളെ വയനാട് തുരങ്ക പാതയുടെ നിർമാണം ആരംഭിക്കും. ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്ക പാത പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ച സാഹചര്യത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുന്നത്.
നിർമാണം പൂർത്തിയാകുന്നതോടെ വയനാട് തുരങ്ക പാത ഇന്ത്യയിലെ ഏറ്റവും നീളമേറിയ മൂന്നാമത്തെ അടിപ്പാതയായിമാറും. പശ്ചിമഘട്ടത്തിലെ കുന്നുകൾക്കും വനങ്ങൾക്കും ഇടയിലൂടെയായിരിക്കും പാത കടന്നുപോകുന്നത്. താമരശേരി ചുരത്തിനു ബദലായി തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ (സ്വർഗംകുന്ന്) മുതൽ വയനാട്ടിലെ കള്ളാടി വരെ എത്തുന്നതാണ് പുതിയ തുരങ്കപ്പാത.
കഴിഞ്ഞ സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുരങ്കപ്പാത പദ്ധതിക്ക് തുടക്കമിട്ടത്. എന്നാൽ പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പദ്ധതിക്ക് തടസ്സങ്ങൾ നേരിട്ടിരുന്നു. ഒട്ടേറെ കടമ്പകൾ കടന്നാണ് അനുമതി ലഭ്യമായിരിക്കുന്നത്. തുരങ്കപാത യാർഥ്യമാകുന്നതോടെ ആനക്കാംപൊയിലിൽ നിന്നു 22 കിലോമീറ്റർ കൊണ്ട് മേപ്പാടിയിലെത്താൻ സാധിക്കും. ചുരം വഴിയുള്ള യാത്രാദുരിതത്തിനും ഇതോടെ അവസാനമാകും. കേരളത്തിൽ നിന്ന് കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്കുള്ള യാത്ര വളരെ സുഗമമാകും. മലയോര മേഖലയുടെ സമഗ്ര വികസനത്തിന് ഗുണകരമാവുന്ന ചരിത്രനേട്ടം കൂടിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ് പാതയുടെ നിർവ്വഹണ ഏജൻസി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ പദ്ധതിയുടെ നിർമാണച്ചെലവ് 2134 കോടി രൂപയാണ്. 8.73 കിലോമീറ്റർ പാതയുടെ 8.1 കിലോമീറ്റർ ഇരട്ട ടണലായാണ് വിഭാവനം ചെയ്തിരിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലായി 33 ഹെക്ടറോളം ഭൂമി ആണ് ഇതിനായി ഏറ്റെടുക്കേണ്ടത്. ഇതിൽ വനഭൂമി നേരത്തേ കൈമാറിയിട്ടുണ്ട്. കൂടാതെ 90 ശതമാനം സ്വകാര്യ ഭൂമിയും ഏറ്റെടുത്തു കഴിഞ്ഞു.
ടണൽ റോഡിലേക്കുള്ള പ്രധാന പാതയുടെ നിർമാണം നിലവിൽ ആരംഭിച്ചിട്ടുണ്ട്. രണ്ട് പാക്കേജുകളിലായാണ് നിർമ്മാണം പൂർത്തീകരിക്കുക. പാലവും അപ്രോച്ച് റോഡും ഒന്നാമത്തെ പാക്കേജിലും ടണൽപാത നിർമ്മാണം രണ്ടാമത്തെ പാക്കേജിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നാലുവരി ഗതാഗതമാണ് പദ്ധതിയിലുള്ളത്. ടണൽ വെന്റിലേഷൻ, അഗ്നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടെലിഫോൺ സിസ്റ്റം, ശബ്ദ സംവിധാനം, എസ്കേപ്പ് റൂട്ട്ലൈറ്റിങ്, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും.
മണ്ണിടിച്ചിലിലും മഴയും മൂലം താമരശ്ശേരി ചുരത്തിലെ ഗതാഗതം ഇടയ്ക്കിടെ തടസ്സപ്പെടുന്നതും ഈ പാത വളരെ ആവശ്യമുള്ള പദ്ധതിയായി മാറ്റുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിരവധി തവണ ചുരത്തിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനുകളിലേക്കും വിമാനത്താവളങ്ങളിലേക്കും സൂപ്പർ സ്പെഷ്യലൈസ്ഡ് ആശുപത്രികളിലേക്കും വയനാട്ടുകാർക്ക് എത്തിച്ചേരാനുള്ള ഏറ്റവും നേരിട്ടുള്ള പാതയാണ് താമരശ്ശേരി ചുരം. ഇവിടെ മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ഗതാഗതക്കുരുക്ക് ജീവനുതന്നെ ഭീഷണിയായി മാറിയിട്ടുണ്ട്. പുതിയ തുരങ്കപാത താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നും കർണാടകയിൽ നിന്നുള്ള ചരക്ക് ഗതാഗതം സുഗമമാക്കുമെന്നും പ്രതീക്ഷിക്കുന്നു.