തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ക്രൈംബ്രാഞ്ച് നോട്ടീസ് ലഭിച്ചില്ലെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച പ്രതിയുടെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചത്. എന്നാൽ നോട്ടീസ് ലഭിച്ചട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇന്ന് ഹാജരാകില്ലെന്നും രാഹുൽ പറയുന്നു. അതേസമയം, രാഹുൽ ഇന്ന് ഹാജരാകത്ത സാഹചര്യത്തിൽ മറ്റൊരു ദിവസത്തേക്ക് വീണ്ടും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ച് നീക്കം.
നേരത്തെ ഒരു തവണ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ ശബ്ദ രേഖയിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് വന്നതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിൻ്റെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിന്റെ പേര് പരാമർശിക്കുന്നത്. നിലവില്‍ 7 പ്രതികളാണ് കേസില്‍ ഉള്ളത്. നാല് മണിക്കൂർ നീണ്ട മൊഴിയെടുപ്പിലാണ് വ്യാജ തിരിച്ചറിയർ കാർഡിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചത്.
വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ പൊലീസ് ആദ്യം ചോദ്യം ചെയ്തപ്പോൾ ആരോപണങ്ങള്‍ എല്ലാം രാഹുല്‍ മാങ്കൂട്ടത്തില്‍ നിഷേധിച്ചിരുന്നു. കേസിൽ അറസ്റ്റിലായ പ്രതികളുമായി ബന്ധമുണ്ടെങ്കിലും അവർ വ്യാജ രേഖ ഉണ്ടാക്കിയതായി അറിയില്ലെന്നും, അത്തരത്തില്‍ വോട്ടുകള്‍ ലഭിച്ചിട്ടില്ല എന്നുമാണ് രാഹുൽ മൊഴി നൽകിയത്. നാല് മണിക്കൂർ നീണ്ട മൊഴിയെടുപ്പിലാണ് വ്യാജ തിരിച്ചറിയൽ കാർഡിനെ കുറിച്ച് ഒന്നുമറിയില്ല എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ വിശദീകരിച്ചത്. അതേസമയം, സംഘടന തെരഞ്ഞെടുപ്പിൽ വ്യാപകമായി വ്യാജ തിരച്ചറിയൽ കാർഡുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.