Homepage Featured News World

7 വർഷത്തിന് ശേഷം മോദി ചൈനയിൽ; ലക്ഷ്യം അമേരിക്കയെ നേരിടാൻ പുതിയ വ്യാപാരസഖ്യമോ?

ഇന്ത്യ- യുഎസ് ബന്ധത്തിൽ വിള്ളലുണ്ടായതിന് പിന്നാലെ പുതിയ സഖ്യചർച്ചകൾ സജീവമായി. വ്യാപര പ്രതിസന്ധി തുടരുന്നതിനിടെ ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്‌സിഒ ഉച്ചകോടിക്കായി ചൈനയിലേക്കെത്തുന്നത്. ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് മോദി ജപ്പാനില്‍ പറഞ്ഞിരുന്നു.

ഇന്ത്യ-ചൈന സൗഹൃദം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ സ്ഥിരതയുണ്ടാക്കുമെന്ന് യാത്രയ്ക്ക് മുൻപ് നരേന്ദ്രമോദി ജപ്പാനിൽ പറഞ്ഞു. കഴിഞ്ഞവര്‍ഷം കസാനില്‍നടന്ന എസ്‌ സി ഒ ഉച്ചകോടിക്കിടെ ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യ-ചൈന ബന്ധത്തില്‍ ക്രിയാത്മകമായ പുരോഗതിയുണ്ടാക്കിയിട്ടുണ്ടെന്ന് മോദി പറയുകയുണ്ടായി. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും.

അമേരിക്ക ഏർപ്പെടുത്തിയ അധിക തീരുവ ഇന്ത്യന്‍ കയറ്റുമതിയെ സാരമായി ബാധിച്ച സാഹചര്യത്തിൽ പുതിയ വിപണി തേടുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. ഷി ജിന്‍പിങ് ആതിഥേയത്വം വഹിക്കുകയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമർ പുതിനും പങ്കെടുക്കുകയും ചെയ്യുന്ന ഉച്ചകോടി യുഎസ് അടക്കമുള്ള പശ്ചാത്യ രാജ്യങ്ങള്‍ അതീവ ജാഗ്രയോടെയാണ് വീക്ഷിക്കുന്നത്. ഒരു ബദല്‍ ശക്തിയായി നിലകൊള്ളാന്‍ കഴിവുള്ള ഒന്നായി ചൈനയെ ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിട്ടുള്ള ഒരു ഉച്ചകോടിയാണിതെന്ന് യുഎസ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു.

ഏഷ്യയില്‍ നിന്നും പശ്ചിമേഷ്യയിൽ നിന്നുമുള്ള രാഷ്ട്രത്തലവന്മാരും പ്രതിനിധി സംഘങ്ങളുമാണ് ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ രണ്ട് ദിവസത്തെ ഉച്ചകോടിക്കായി ഞായറാഴ്ച മുതല്‍ ചൈനീസ് തുറമുഖ നഗരമായ ടിയാന്‍ജിനില്‍ ഒത്തുചേരുന്നത്. സെപ്റ്റംബര്‍ ഒന്ന് വരെ ചൈനയിലുള്ള പ്രധാനമന്ത്രി മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തുന്ന കൂടിക്കാഴ്ചയാണ് ഏറെ നിര്‍ണായകം. ഇരു നേതാക്കളും ഇന്ത്യ-ചൈന സാമ്പത്തിക ബന്ധങ്ങള്‍ വിലയിരുത്തുകയും ബന്ധം കൂടുതല്‍ സാധാരണ നിലയിലാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്യും.

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തിയ അമേരിക്ക പക്ഷേ ചൈനയ്ക്ക് തീരുവ ഏർപ്പെടുത്തിയിട്ടില്ല. മാത്രമല്ല പല മേഖലകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുമുണ്ട്. വിപണയുടെ 66 ശതമാനം ഉത്പന്നങ്ങളും ഇന്ത്യയിൽ നിന്നാണ് എന്നിരിക്കെ ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയ അധിക തീരുവ വലിയ തിരിച്ചടിയാണ് ഇന്ത്യൻ വിപണിക്കുണ്ടാക്കിയത്. മേക്ക് ഇൻ ഇന്ത്യാ പദ്ധതിയിലൂടെ മുന്നോട്ടുവെച്ച ആശയം പാടെ തകിടം മറിയ്ക്കുന്നതാണ് ഈ തീരുമാനം. എന്നാൽ ദേശീയത മുൻ നിർത്തി അമേരിക്കയുമായി ഇക്കാര്യത്തിൽ ഇനി സാരമായ ചർച്ചകൾക്കില്ല എന്ന നിലപാടിലാണ് ഇന്ത്യ.

അമേരിക്കൻ വിപണിയിൽ നിന്നുള്ള തിരിച്ചടി മറികടക്കാൻ ചൈനയും പശ്ചിമേഷ്യയും ആഫ്രിക്കൻ രാജ്യങ്ങളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. അതിനുള്ള പ്രാരംഭ ചർച്ചകളും ചൈനയിലുണ്ടാകും. ഇതിനായി ഉച്ചകോടിയിലെത്തുന്ന 20 രാഷ്ട്രത്തലവൻമാരും പിന്തുണ പ്രഖ്യാപിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെയാണ് നേരത്തെ തന്നെ റഷ്യയുമായി സമവായ നീക്കം എന്നോണം യുക്രൈൻ വിഷയത്തിൻ ട്രംപ് നേരിട്ട് ഇടപെട്ടത്. അതിൽ തീരുമാനമാവാത്ത സാഹചര്യത്തിൽ അമേരിക്കയെ അമിതമായി പിന്തുണയ്ക്കേണ്ട ബാധ്യത റഷ്യക്കില്ല. എന്തായാലും ആഗോള തലത്തിൽ പുതിയൊരു കൂട്ടായ്മയ്ക്കും പുത്തൻ വ്യാപാര പങ്കാളിത്തത്തിനുമുള്ള വേദിയായി മാറുകയാണ് ചൈനയിൽ നടക്കുന്ന ഉച്ചകോടി.

Related Posts