Kerala Lead News News

കണ്ണൂർ സ്ഫോടനം: മരിച്ചയാളെ തിരിച്ചറിഞ്ഞു, പ്രതിയ്ക്ക് കോൺഗ്രസ് ബന്ധമെന്ന് സിപിഎം

കണ്ണൂർ: കണ്ണപുരം കീഴറയിലെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരണപ്പെട്ടത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനം ബോംബ് പടക്കനിർമ്മാണത്തിനിടെയെന്നാണ് പ്രഥാമിക നിഗമനം. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. സംഭവത്തിൽ എക്സ്പ്ലോസിവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെ പ്രതിചേർക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. 

​ഗേവിന്ദൻ എന്ന ആളുടെ ഉടമസ്ഥതയിലുളള വീട്ടിലാണ് സ്ഫോടനം നടന്നത്. പുലർച്ചെ രണ്ട് മണിയോടെ വലിയ ശബ്ദം കേട്ടാണ് നാട്ടുകാർ സംഭവ സ്ഥലത്ത് എത്തുന്നത്. അവിടെ കണ്ടത് പൂർണ്ണമായും തകർന്ന നിലയിലുളള വീടാണ്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കണ്ണപുരം പോലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്.

കേസിൽ പ്രതി ചേർക്കപ്പെട്ട അനൂപ് മാലിക്കിനെതിരെ മുൻപും സമാന രീതിയിലുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2016 പൊടിക്കുണ്ടിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ്. 4 കോടിയുടെ നഷ്ടമാണ് അന്നുണ്ടായത്. ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലം പോലീസ് അന്വേഷിക്കുന്നുണ്ട്. അനൂപ് കോൺഗ്രസുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് സിപിഎം ജില്ല സെക്രട്ടറി കെ.കെ രാഗേഷ് ആരോപിച്ചു. 

ഉത്സവ സമയം അല്ലാതിരുന്നിട്ടും സ്‌ഫോടക വസ്തുക്കള്‍ നിര്‍മിച്ചത് എന്തിനെന്ന് കണ്ടെത്തണമെന്നും ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് പറഞ്ഞു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. നടന്നത് ബോംബ് നിര്‍മ്മാണമാണെന്നും പിന്നില്‍ രാഷ്ട്രീയം ഉണ്ടോ എന്ന് പരിശോധിക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

Related Posts