Kerala News

അപർണ വഴിയൊരുക്കിയത് രോഗിയില്ലാത്ത ആംബുലൻസിന്; ഡ്രൈവറും വാഹനവും എംവിഡി കസ്റ്റഡിയിൽ

തൃശ്ശൂർ: അടുത്തിടെ സമൂഹിക മാധ്യമങ്ങളിൽ ഏറെ വൈറലായ വീഡിയോകളിലൊന്നായിരുന്നു തൃശ്ശൂർ നഗരത്തിൽ പൊലീസുകാരി ആംബുലൻസിന് വഴിയൊരുക്കാനായി ഓടുന്നത്. തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. അപർണ ലവകുമാറാണ് ഗതാഗതക്കുരുക്കിനിടെ ആംബുലൻസിന് മുന്നിൽ ഓടി വഴിയൊരുക്കിയത്. എന്നാൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിൽ ആംബുലൻസിൽ രോഗിയില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ്. സംഭവത്തിൽ ഡ്രൈവറെയും ആംബുലൻസും എംവിഡി കസ്റ്റഡിയിലെടുത്തു. 

വൈറലായ ദൃശ്യങ്ങളിൽ നിന്നും വലതുവശത്തുനിന്നാണ് വീഡിയോ പകർത്തിയതെന്ന് മനസ്സിലായ സാഹചര്യത്തിലാണ് എംവിഡി അന്വേഷണം ആരംഭിച്ചത്. വലതുവശത്തുനിന്നും ദൃശ്യങ്ങൾ പകർത്തണമെങ്കിൽ അത് ഡ്രൈവർക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന അനുമാനത്തിലാൽ ഡ്രൈവർ വീഡിയോ ചിത്രീകരിച്ചത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് ആംബുലൻസിസിൽ രോഗിയുണ്ടായിരുന്നില്ലെന് സ്ഥിരീകരിച്ചത്. 

വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഉപയോ​ഗിച്ച് വീഡിയോ ചിത്രീകരിച്ചതിനാണ് ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, സൈറൺ ഇട്ടിട്ടുണ്ടായിരുന്നില്ലെന്നും രോ​ഗിയില്ലെന്ന് പറയാൻ സാവകാശം ലഭിച്ചില്ലെന്നുമാണ് ആംബുലൻസ് ഡ്രൈവർ ഫൈസൽ പറയുന്നത്. വീഡിയോ വൈറലായത് പിന്നീടാണ് അറിഞ്ഞതെന്നും ആരാണ് വഴിയൊരുക്കിയതെന്ന് അറിയില്ലെന്നുമായിരുന്നു ഫൈസൽ പറഞ്ഞത്. ആരാണ് പോലീസുകാരിയെന്ന് വാർത്തകളിലൂടെയാണ് അറിയുന്നതെന്നും ഫൈസൽ അവകാശപ്പെടുന്നു. 

അശ്വിനി ജംക്‌ഷനിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിയ ആംബുലൻസിന്റെ മുന്നിലോടി വഴിതെളിച്ചാണ് അപർണ ലവകുമാർ വീണ്ടും ശ്രദ്ധനേടിയത്. നിലവിൽ സിറ്റി വനിതാ പൊലീസ് സ്റ്റേഷനിൽ എഎസ്ഐയാണ്. അപർണ ആംബുലൻസിന്റെ മുന്നേ ഓടി വഴിയൊരുക്കുന്ന ദൃശ്യങ്ങൾ തരംഗമായി. അത്യാസന്ന നിലയിലായ രോഗിയുമായി തൃശൂർ ദിശയിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുകയായിരുന്നു ആംബുലൻസെന്നായിരുന്നു വീഡിയോയ്ക്കൊപ്പം അന്ന് പ്രചരിപ്പിച്ചത്. 

Related Posts