കോയമ്പത്തൂർ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 50 ശതമാനം അധിക തീരുവ നിലവിൽ വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് രാജ്യത്തെ ടെക്സ്റ്റൈൽസ് മേഖല. തുണിവ്യാപര രംഗത്തെ പ്രധാന വിപണികളിലൊന്നായ തിരുപ്പൂരിൽ 2000 കോടി രൂപയുടെ അമേരിക്കൻ ഓർഡറുകൾ കയറ്റുമതി പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോർട്ടുകൾ. ഓഗസ്റ്റ് 25നാണ് നേരത്തെ പ്രഖ്യാപിച്ച 25 ശതമാനം തീരുവയ്ക്ക് പുറമെ 25 ശതമാനം പിഴചുങ്കംകൂടി നിലവിൽ വന്നത്. ഇതോടെ കയറ്റുമതിയാകെ പ്രതിസന്ധിയിലായി.
നിർമ്മിച്ച തുണിത്തരങ്ങൾ നഷ്ടം സഹിച്ചും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാമെന്ന തീരുമാനത്തിലാണ് വ്യാപാരികൾ. കമ്പനികളും കയറ്റുമതിസ്ഥാപനങ്ങളുമായി നഷ്ടം പങ്കുവെക്കുന്നതിനുളള ചർച്ചകൾ നടക്കുന്നുണ്ടെന്ന് തിരുപ്പൂർ എക്സ്പോട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. സുബ്രഹ്മണ്യൻ പറഞ്ഞതായി മാതൃഭൂമി ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു. പ്രതിവർഷം അമേരിക്കയിലേക്ക് 1000 കോടി രൂപയുടെ കയറ്റുമതിയാണ് നടക്കുന്നത്. നിലവിലെ സാഹചര്യത്തിൽ 25 ശതമാനം പിഴച്ചുങ്കം പങ്കുവെക്കുന്നതിനെക്കുറിച്ചാണ് വ്യാപാരികളും കമ്പനികളും തമ്മിൽ ചർച്ച പുരോഗമിക്കുന്നത്.
നിബന്ധകളനുസരിച്ച് അമേരിക്കൻ കമ്പനികൾ നൽകിയ ഓർഡർ പ്രകാരമുളള വസ്ത്രങ്ങൾ മറ്റൊരു രാജ്യത്തേക്കും കയറ്റുമതി ചെയ്യാനാവില്ല. ഇതോടെ നഷ്ടം സഹിച്ചും അമേരിക്കയിലേക്ക് തന്നെ കയറ്റുമതി ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കയറ്റുമതി ചെയ്യുന്ന തിരുപ്പൂരിലെ കമ്പനിയും ചരക്കു വാങ്ങുന്ന അമേരിക്കയിലെ ഏജൻസിയുമായി കരാറുണ്ടാക്കിയാലും കമ്പനിക്ക് 500 മുതൽ 600 കോടി രൂപയുടെ നഷ്ടം വരെ കമ്പനി നേരിടേണ്ടി വരുമെന്നും വിലയിരുത്തപ്പെടുന്നു.
അമേരിക്കയുടെ തീരുവ ചുമത്തൽ ഇന്ത്യയുടെ ടെക്സ്റ്റൈൽസ് കയറ്റുമതി രംഗത്തെ മാത്രമല്ല മറ്റു മേഖലകളെയും വലിയ രീതിയിലാണ് ബാധിക്കുന്നത്. രത്നങ്ങൾ, ആഭരണങ്ങൾ, സമുദ്രോത്പ്പന്നങ്ങൾ, തുകലുത്പ്പന്നങ്ങൾ, ചെരിപ്പ്, മൃഗങ്ങളിൽ നിന്നുളള ഉത്പ്പന്നങ്ങൾ, മരുന്നുകൾ തുടങ്ങിയവയാണ് അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത്. ഇത് കൂടാതെ കയർ ഉത്പ്പന്നങ്ങളും വലിയ രീതിയിൽ കയറ്റുമതി നടക്കുന്നുണ്ട്. ഇവിടെയെല്ലാം അധിക തീരുവ വലിയ നഷ്ടങ്ങൾക്ക് കാരണമാകും.
















