Kerala Lead News News

രാഹുലില്‍ തട്ടി ഷാഫിയുടെ ‘പാലക്കാട് മോഹം’ പൊലിയുന്നു

പാലക്കാട് ഡിസിസിയില്‍ ഷാഫി പറമ്പില്‍-രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടുകെട്ടിനെതിരെ വികാരം ശക്തം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നാണ് ജില്ലാ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നത്. പാലക്കാട് സീറ്റില്‍ ഇനി രാഹുല്‍ മത്സരിക്കരുതെന്ന് ജില്ലാ നേതൃത്വം കെപിസിസിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് രാഹുലിനു തല്‍ക്കാലത്തേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ സീറ്റ് നല്‍കില്ലെന്ന തീരുമാനത്തിലേക്ക് കെപിസിസി എത്തിയിരിക്കുന്നത്. വലിയ ആവേശത്തോടെയാണ് പാര്‍ട്ടിയിലെ സാധാരണക്കാരായ അണികള്‍ പോലും രാഹുലിനെ പാലക്കാട് ജയിപ്പിക്കാന്‍ പരിശ്രമിച്ചത്. ഒടുവില്‍ രാഹുല്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നും ജില്ലാ നേതാക്കള്‍ പറയുന്നു.

പാര്‍ട്ടി പിടിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനൊപ്പം ചേര്‍ന്നുനില്‍ക്കുന്നവരാണ് ഷാഫിയും രാഹുലും. ഈ കൂട്ടുകെട്ട് തുടര്‍ന്നാല്‍ അത് പാര്‍ട്ടിക്ക് പ്രതിസന്ധി ഉണ്ടാക്കിയേക്കുമെന്ന് അഭിപ്രായമുള്ളവരും പാലക്കാട്ടെ കോണ്‍ഗ്രസില്‍ ഉണ്ട്. ഇവരാണ് രാഹുലിനെതിരായ നിലപാട് കെപിസിസി നേതൃത്വത്തെ അറിയിച്ചത്. രാഹുലിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് പാലക്കാട് ഡിസിസിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കു അഭിപ്രായമുണ്ടായിരുന്നു. ഈ വിയോജിപ്പ് മറികടന്നാണ് ഷാഫി തന്റെ വിശ്വസ്തനെ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് സ്ഥാനാര്‍ഥിയാക്കിയത്. ഷാഫി-രാഹുല്‍ കൂട്ടുകെട്ടിനെതിരായ ഇപ്പോഴത്തെ നീക്കങ്ങള്‍ക്കു പാലക്കാട് ഡിസിസിയെ നിര്‍ബന്ധിതരാക്കിയത് ഇക്കാരണങ്ങളാണ്.

2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കാന്‍ ഷാഫി പറമ്പില്‍ ആഗ്രഹിച്ചിരുന്നു. രാഹുലിനെ മറ്റൊരു സുരക്ഷിത മണ്ഡലത്തിലേക്ക് മാറ്റി തന്റെ മുന്‍ സീറ്റായ പാലക്കാട്ടേക്ക് വരികയായിരുന്നു ഷാഫിയുടെ ലക്ഷ്യം. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനം കിട്ടാനുള്ള സാധ്യത കൂടി കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. ഷാഫിക്കായി പാലക്കാട് ഒഴിയാനും രാഹുല്‍ സന്നദ്ധനായിരുന്നു. ഇതിനിടയിലാണ് രാഹുലിനെതിരായ ആരോപണങ്ങള്‍ ഉയരുന്നത്. ഇതോടെ ഷാഫിയുടെ പാലക്കാട് മോഹത്തിനും തിരിച്ചടിയേറ്റു. വടകര എംപിയായ ഷാഫി പാലക്കാട് മത്സരിക്കേണ്ടതില്ലെന്ന് ഡിസിസിക്കുള്ളില്‍ തീരുമാനമായതായി കോണ്‍ഗ്രസുമായി അടുത്ത വൃത്തങ്ങളില്‍ നിന്ന് സൂചന ലഭിച്ചു. ആരാകണം സ്ഥാനാര്‍ഥിയെന്ന് ജില്ലാ നേതൃത്വം കൂട്ടായി തീരുമാനിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പക്ഷം.

അതേസമയം പാലക്കാട് മണ്ഡലത്തില്‍ സജീവമാകണമെന്ന് രാഹുലിനോടു ഷാഫി ആവശ്യപ്പെട്ടതായും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ആരോപണം ഉയര്‍ന്നതിനു പിന്നാലെ രാഹുല്‍ മണ്ഡലത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ്. പത്തനംതിട്ടയിലെ സ്വന്തം വീട്ടിലാണ് രാഹുല്‍ ഇപ്പോള്‍. മണ്ഡലത്തില്‍ നിന്ന് ഇങ്ങനെ മാറിനിന്നാല്‍ ഭാവിയില്‍ ദോഷമാകുമെന്നും പാലക്കാട് തിരിച്ചെത്തി രാഷ്ട്രീയത്തില്‍ സജീവമാകണമെന്നുമാണ് ഷാഫി രാഹുലിനു നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാഹുലിനെ പാലക്കാട്ടെ പൊതുപരിപാടികളില്‍ പങ്കെടുപ്പിക്കാനും ഷാഫി നീക്കങ്ങള്‍ നടത്തുന്നുണ്ട്.

Related Posts