Kerala News

രാഹുലിനെ പാലക്കാട് എത്തിക്കാൻ ഷാഫി; മണ്ഡലത്തിൽ രഹസ്യയോഗം ചേർന്നതായി റിപ്പോർട്ട്

പാലക്കാട്: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുപരിപാടികളിൽ നിന്ന് മാറിനിൽക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാലക്കാട് മണ്ഡലത്തിലെത്തിക്കാൻ ശ്രമം തുടങ്ങിയതായി റിപ്പോർട്ട്. എ ഗ്രൂപ്പിലെ ഷാഫി പറമ്പില്‍ അനുകൂലികളുടെ നേതൃത്വത്തിൽ യോഗം ചേർന്നതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. തുടരെ തുടരെ വന്ന ആരോപണങ്ങളിൽ പാർട്ടി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിന് ശേഷം അടൂരിലെ വീട്ടിൽ തുടരുകയാണ് രാഹുൽ. 

കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രന്റെ വീട്ടിൽ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ യോഗം ചേർന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ഒരു കല്യാണത്തിൽ പങ്കെടുക്കുന്നതിന് ഷാഫി പാലക്കാട് എത്തിയിരുന്നു. എന്നാൽ തന്റെ വീട്ടില്‍ യോഗം നടന്നെന്ന വാര്‍ത്ത കെപിസിസി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍ നിഷേധിച്ചു. പാലക്കാട്ട് എ ഗ്രൂപ്പ് യോഗം നടന്നുവെന്ന വാര്‍ത്ത ഷാഫി പറമ്പിലും നിഷേധിച്ചിട്ടുണ്ട്. ഒരു കല്യാണത്തിന് പങ്കെടുക്കാനാണ് എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോപണങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ നേരത്തെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ തന്നെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ കൂടുതൽ ആരോപണങ്ങളും ശബ്ദരേഖകളും സ്ക്രീൻഷോട്ടുകളുമടക്കമുള്ള തെളിവുകളും പുറത്തുവന്ന സാഹചര്യത്തിലാണ് കെപിസിസി പ്രാഥമിക അംഗത്വത്തിൽ നിന്നും രാഹുലിനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്. ഈ സാഹചര്യത്തിൽ കോണ്‍ഗ്രസിന്റെ പരിപാടികളില്‍ രാഹുലിനെ പങ്കെടുപ്പിച്ചാല്‍ അത് വിപരീതഫലമായിരിക്കും ഉണ്ടാക്കുകയെന്ന ആശങ്കയിലാണ് പാർട്ടി. 

ഷാഫിയ്ക്കടക്കം വലിയ പ്രതിഷേധങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ നേരിടേണ്ടി വന്നത്. അതുകൊണ്ട് ഔദ്യോഗികപരിപാടികളില്‍ പങ്കെടുത്താല്‍ രാഷ്ട്രീയ എതിരാളികളുടെ പ്രതിഷേധം നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ. അതിനാല്‍ ക്ലബ്ലുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി പാര്‍ട്ടിയുടേതല്ലാത്ത, എന്നാല്‍ കോണ്‍ഗ്രസ് അനുഭാവികളുടേതായ പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കുക എന്നതാണ് നീക്കമെന്ന് അറിയാൻ സാധിക്കുന്നു. 

Related Posts