Homepage Featured Kerala News

ഉടുത്ത് ഉപേക്ഷിക്കാൻ തയ്യാറല്ല ന്യൂജെൻ; കാഫ്താൻസ്, ശരാറ, പലാസോ – ഓണക്കോടിയിലെ താരങ്ങൾ

ഓണക്കാലത്ത് ഏറ്റവും കൂടുതൽ സജീവമാകുന്ന വിപണികളിലൊന്നാണ് വസ്ത്രി നിർമ്മാണ മേഖല. ഓണക്കോടിയെടുക്കുകയെന്നത് ഓണാഘോഷങ്ങളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ്. ഓരോ ഓണക്കാലത്തും വിപണിയിൽ പുതിയ ഫാഷൻ ട്രെൻഡുകളുണ്ടാകുന്നു. കോളെജുകളിലെ ആഘോഷങ്ങളിലാണ് പലപ്പോഴും ഇത്തരം ഫാഷനുകൾ വൈറലാകുന്നത്. എന്നാൽ ഒറ്റത്തവണ മാത്രം ഉപയോഗിച്ച് ഉപേക്ഷിക്കാൻ പുതിയ തലമുറ തയ്യാറല്ലെന്നാണ് ഈ രംഗത്തെ ആളുകൾ പറയുന്നത്. ആഘോഷങ്ങൾ അവസാനിച്ച ശേഷവും ഉപയോഗിക്കാൻ സാധിക്കുന്ന ഡിസൈനുകൾക്കാണ് ആവശ്യക്കാരേറെ. റെട്രോ ഡിസൈനുകൾ പുതുക്കിയെടുക്കാൻ ഇഷ്ടപ്പെടുന്നവരും നിരവധിയാണ്. 

ഓണത്തിനുള്ള വസ്ത്രങ്ങളുടെ ഡിസൈനുകൾ കണ്ടെത്താനുള്ള പഠനങ്ങളും പരീക്ഷണങ്ങളും ഡിസൈനർമാർ നാളുകൾക്ക് മുൻപേ ആരംഭിച്ചതാണ്. സാരിയും മുണ്ടുമടക്കമുള്ള പരമ്പരാ​ഗതമായ വസ്ത്രങ്ങളിൽ ഏതൊക്കെ രീതിയിൽ പുതുമ കൊണ്ടുവരാൻ സാധിക്കും എന്നാണ് എല്ലാവരുടെയും ചിന്ത. വിപണിയിൽ ഇതിനോടകം തന്നെ സാനിധ്യമായി കഴിഞ്ഞ തെയ്യം, കഥകളി പ്രിന്റുകൾക്ക് ഇപ്പോഴും ആവശ്യക്കാരുണ്ടെങ്കിലും അതിലും പുതുമ തേടുന്നവരാണ് കൂടുതൽ. 

ന്യൂജെൻ ചിന്ത

ഒരുദിവസത്തെ ആഘോഷത്തിന് മാത്രം ധരിക്കാവുന്ന വസ്ത്രങ്ങളേക്കാൾ, വീണ്ടും ധരിക്കാവുന്ന പ്രത്യേകിച്ച് കാഷ്വൽ വെയറായി ഉപയോഗിക്കാവുന്ന ഒരേസമയം ട്രെൻഡിയും സൗകര്യപ്രദവുമായ വസ്ത്രങ്ങളാണ് പുതിയ തലമുറ കൂടുതലായി തിരഞ്ഞെടുക്കുന്നത്. ഫാഷൻ മാത്രം നോക്കിയിരിക്കുന്ന പിള്ളേരുടെ കാലമല്ല, വിപണിയിലെ പുതിയ ഡിസൈനുകൾ എങ്ങനെ കയ്യിലൊതുങ്ങുന്ന വിലയിൽ സ്വന്തമാക്കാം എന്ന് ചിന്തിക്കുന്നവരാണ് കൂടുതലും. ഇതിനായി ബൂട്ടിക്കുകളും തുണിക്കടകളും എത്രവേണമെങ്കിലും കയറിയിറങ്ങാനും ആളുകൾ തയ്യാറാണ്. 

താരമായി ആന്റീ ഫിറ്റുകൾ

കസവ് സാരിയും ധാവണിയും  ഇന്നും കേരള സംസ്കാരത്തിന്റെയും ഓണത്തിന്റെയും കൈയ്യൊപ്പ് ചാർത്തിയ വസ്ത്രങ്ങളാണെങ്കിലും ഈ സീസണിൽ ഷെൽഫുകളിൽ പുതിയ മുഖങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. ശരീര ഭം​ഗി എടുത്തു കാണിക്കുന്ന വസ്ത്രങ്ങളെക്കാൾ ലൂസായ ആന്റീ ഫിറ്റുകൾക്കാണ് ആളുകൾ മുൻ​ഗണന നൽകുന്നത്.  അനാർക്കലി, കാഫ്താൻസ്, ശരാറ, പലാസോ, എ-ലൈൻ കുർത്തികൾ, മറ്റ് ഡിസൈനർ വസ്ത്രങ്ങൾ എന്നിവയാണ് സ്ത്രീകളുടെ ഓണ കളക്ഷനുകളിലെ ചില പുതിയ താരങ്ങൾ. പ്രിന്റുകളും പെയ്ന്റിങ്ങ്സും എംബ്രോയ്ഡറിയും ടൈ ആന്റ് ഡൈ രീതികളും ഒക്കെ ഉൾപ്പെടുത്തിയുള്ള പരീക്ഷണങ്ങളാണ് ബുട്ടീക്കുകൾ നടത്തുന്നത്. പുരുഷന്മാർക്ക് അക്ഷരങ്ങളും വാക്കുകളും ഉൽപ്പെടുത്തിയുള്ള ഡിസൈനർ മുണ്ടും കുർത്തകളുമാണ് ഇപ്പോൾ വലിയ ട്രെൻഡ്.

‘ആളുകൾക്ക് ഓണം ഡിസൈൻ അല്ലെങ്കിൽ ഓണത്തിന്റെ പ്രിന്റുകൾ വേണമെന്ന് നിർബന്ധമില്ല, ഓണത്തിന്റെ ചെറിയ ‍ടച്ച് വന്നാൽ മതി. മറ്റ് പരിപാടികൾക്കും ഇടാൻ കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഇപ്പോൾ എല്ലാവും തിരയുന്നത്’ – മിർസ, ഫാഷൻ ഡിസൈനർ പറയുന്നു. കൊച്ചിയിൽ പ്രവർത്തിക്കുന്ന സിവ ബ്രൈഡൽസിലെ സീനിയർ ഡിസൈനറാണ് മിർസ.

തുണി മാത്രമല്ല കളറും മൃദുവാകണം

കോട്ടൺ, കോട്ടൺ സിൽക്, ലിനൻ തുടങ്ങിയ ഒതുങ്ങിയതും ധരിക്കാൻ സൗകര്യപ്രദവുമായ തുണിത്തരങ്ങളിലുള്ള ഓണക്കോടികളാണ് ആളുകൾ ഇത്തവണ തിരഞ്ഞെടുക്കുന്നത്. കസവിനെയും ഓഫ് വൈറ്റിനേയും ഒക്കെ പിന്നിലാക്കി ട്രെൻഡാകുന്നത് പേസ്റ്റൽ ഷേഡുകളാണ്. ലാവണ്ടർ, മിന്റ് ഗ്രീൻ, പീച്ച് പോലുള്ള സോഫ്റ്റ് നിറങ്ങളോടാണ് ചെറുപ്പക്കാർക്ക് പ്രിയം. അതേസമയം മധ്യവയസ്കർ തിരയുന്നത് തെളിച്ചമുള്ള നിറങ്ങളാണ്. വലിയ ഡിസൈനുകളേക്കാൾ മിനിമൽ പ്രിന്റുകൾക്കാണ് കൂടുതൽ ആവശ്യക്കാരുള്ളത്. 

ഓണം ഓൺലൈനിൽ ഓണാണ്

ഇത്തവണത്തെ ഓണ വിപണി പൊടി പൊടിക്കുന്നത് ഏറെയും ഓൺലൈൻ സ്റ്റോറുകളിലാണ്. ഓണത്തിന് കടകളിൽ തിക്കി തിരക്കുന്നതും ഇഷ്ട ഡിസൈനിലെ വസ്ത്രങ്ങൾ കിട്ടാതെ വരുന്നത് ഒഴിവാക്കാനും ന്യൂജനറേഷൻ ഓൺലൈൻ സ്റ്റോറുകളെയാണ് ആശ്രയിക്കുന്നത്. വസ്ത്രങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ആകർഷമായ ഓഫറുകളും ഓൺലൈൻ സ്റ്റോറുകൾ നൽകുന്നുണ്ട്. നാട്ടിലും മറ്റ് രാ‍ജ്യങ്ങളിൽ ഉള്ളവരും ഒരുപോലെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളാണ് ഓണക്കോടികൾ വാങ്ങാൻ താല്പര്യപ്പെടുന്നത്. 

എന്നാൽ കേരളത്തിലും പ്രവാസികളിലും വസ്ത്രങ്ങൾ വാങ്ങുന്ന രീതികളിലെ വ്യത്യാസങ്ങൾ വ്യക്തമാണ്. നാട്ടിലെ ആളുകൾ ഫ്യൂഷൻ ഡിസൈനുകൾ തിര‍‍ഞ്ഞെടുക്കുമ്പോൾ വിദേശ മലയാളികൾ കൂടുതൽ പരമ്പരാഗതമായ വസ്ത്രങ്ങൾക്കാണ് മുൻ‌ഗണന നൽകുന്നത്. “ഉപഭോക്താക്കൾക്ക് ഇന്ന് വേണ്ടത് സ്റ്റൈലിഷും പ്രായോഗികവുമായ ഓപ്‌ഷനുകളാണ്,” “അത്തരം വസ്ത്രങ്ങൾ എങ്ങനെ അഫോഡബിൾ ആയ റേറ്റിൽ ആളുകളിലേക്ക് എത്തിക്കാം എന്നാണ് ഞാൻ ചിന്തിക്കുന്നത്” കൊച്ചി ആസ്ഥാനമായി ബൂട്ടിക് ഇതൾ ഇന്ത്യയുടെ ഉടമ ചിത്ര പറഞ്ഞു. 

പുതുമ മാറാത്ത പഴമ

ഓണ വസ്ത്രങ്ങൾ കസ്റ്റമൈസ് ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. അതേസമയം സുസ്ഥിരതയെയും കൈത്തൊഴിലിനെയും മുൻ‌നിർത്തിയുള്ള ഡിസൈനുകളും പുറത്തിറക്കുന്നത് പല സ്റ്റോറുകളുടെയും ഹൈലൈറ്റാണ്. നിരവധി ബൂട്ടിക്കുകൾ ഇപ്പോൾ കൈത്തറി തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും അവരുടെ നിർമ്മിതികൾക്ക് വിപണി ഒരുക്കുന്നതിനുമാണ് മുൻ‌ഗണന നൽകുന്നുണ്ട്. പ്രാദേശിക കരകൗശല തൊഴിലാളികളുമായി ചേർന്ന്, പരിസ്ഥിതി സൗഹൃദ വസ്തുക്കളിൽ നിർമ്മിച്ച കളക്ഷനുകളും ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. “പുതിയ ഡിസൈനുകൾ കൊണ്ടുവരുന്നതിലുപരി, കേരളത്തിലെ കൈത്തറി തൊഴിലാളികളുമായി സഹകരിക്കാൻ ആണ് ഞങ്ങൾ ശ്രമിക്കുന്നത്. “ഈ ഓണത്തിൽ അതിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്”- ശ്രീജിത്ത് ജീവൻ, റൗക്ക 

പുതുമ, സൗകര്യം, സാമ്പത്തിക ചിന്ത, പരിസ്ഥിതി സൗഹൃദം ഇവയെല്ലാം കൂടി ചേർന്നാണ് ഇത്തവണത്തെ ഓണം ഫാഷൻ രൂപം കൊള്ളുന്നത്. ഒരുദിവസം മാത്രം ധരിച്ച് മാറ്റി വയ്ക്കാൻ വേണ്ടിയല്ല, പിന്നീട് പല അവസരങ്ങളിലും ഉപയോഗിക്കാവുന്ന വസ്ത്രങ്ങളെയാണ് ആളുകൾ തിരഞ്ഞെടുക്കുന്നത്. ട്രെൻഡുകൾ പിന്തുടരുമ്പോഴും തങ്ങൾക്ക് താങ്ങാനാകുന്ന വില, വസ്ത്രങ്ങളുടെ സുസ്ഥിരത എന്നിവ ഉപഭോക്താക്കളുടെ ചിന്തയിലെ പ്രധാന ഘടകങ്ങളാണ്. യുവാക്കൾ ഇത്തവണ ഓണം ആഘോഷിക്കുന്നത് വെറും ഫാഷനിലൂടെയല്ല, ചിന്താപൂർണമായ തിരഞ്ഞെടുപ്പുകളിലൂടെയാണ്. സ്റ്റൈലും സമ്പാധ്യവും ഒത്തുചേരുന്ന ആഘോഷമായിരിക്കും ഈ ഓണം.

Related Posts