തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനും സർക്കാരിനും പൂർണ്ണ പിന്തുണയുമായി എൻഎസ്എസ്. പിണറായി സർക്കാർ ശബരിമല ആചാരം സംരക്ഷിക്കുമെന്ന് പൂർണവിശ്വാസമുണ്ടെന്ന് എൻഎസ്എസ് വൈസ് പ്രസിഡന്റ് എൻ സംഗീത് കുമാർ പറഞ്ഞു.അയ്യപ്പ സംഗമം സംഘടിപ്പിക്കുന്ന സർക്കാർ ആചാരം സംരക്ഷിക്കാനും വിശ്വാസം സംരക്ഷിക്കാനും മുൻപന്തിയിൽ തന്നെയുണ്ടാകുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആചാരങ്ങളും വിശ്വാസങ്ങളും സർക്കാർ സംരക്ഷിക്കുമെന്നതിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. അയ്യപ്പ സംഗമം നടത്തുന്നതിലും, സർക്കാരിനോടുള്ള നിലനിർത്തുന്നതിനും ഞങ്ങൾക്ക് അഭിപ്രായ വ്യത്യാസമില്ല. ആഗോള അയ്യപ്പ സംഗമം എന്നത് ശബരിമലയിലെ വികസനത്തിനും, ഭക്തരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുള്ളൊരു വേദിയായി മാറും,” മാതൃഭൂമി ന്യൂസിനോട് സംഗീത് കുമാർ വ്യക്തമാക്കി.
ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിച്ചായിരിക്കും സർക്കാർ മുന്നോട്ടു പോവുകയെന്നും, തങ്ങൾക്കും അതിൽ വിശ്വാസമുണ്ടെന്നും. എൻഎസ്എസിന്റെ മുഖ്യ അജണ്ടയെന്നത് വിശ്വാസങ്ങൾ സംരക്ഷിക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരുമായി ഇടഞ്ഞ എൻഎസ്എസിന്റെ ഈയൊരു നിലപാട് രാഷട്രീയ കേരളത്തിൽ പുതിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ആദ്യം പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയ സംഘടനകളിൽ ഒന്നുകൂടിയാണ് എൻഎസ്എസ്. ഇതിന് ശേഷമാണ് കോൺഗ്രസടക്കുമുള്ള രാഷ്ട്രീയ പാർട്ടികളും പരസ്യ പ്രക്ഷോഭത്തിലേക്ക് കടക്കുന്നത്.
അതേസമയം, അയ്യപ്പ സംഗമം തെരഞ്ഞെടിപ്പിന് മുൻപുള്ള രാഷ്ട്രിയ നാടകമാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വീണ്ടും രംഗത്തെത്തിയിരുന്നു. നാസ്തികനായ മുഖ്യമന്ത്രിയാണോ പരിപാടി സംഘടിപ്പിക്കേണ്ടതെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. ഹിന്ദുക്കളെ ദ്രോഹിക്കുന്ന മുഖ്യമന്ത്രിയും, ഹിന്ദു വൈറസാണെന്ന് പറഞ്ഞ സ്റ്റാലിനും അവിടെ പോകരുതെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.