India News

കോൺ​ഗ്രസുമായി കൈകോർക്കാൻ വിജയ്? വോട്ടർ അധികാർ യാത്രയിൽ പങ്കെടുക്കും

ചെന്നൈ: നടൻ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം പാർട്ടി കോണ്‍ഗ്രസുമായി കൈകോർക്കാൻ ഒരുങ്ങുന്നു. വോട്ടർപട്ടകയിലെ ക്രമക്കേട് ആരോപിച്ച് രാഹുൽ ഗാന്ധി നടത്തുന്ന വോട്ടർ അധികാർ യാത്രയിൽ വിജയിയും ഭാഗമാകുമെന്നാണ് റിപ്പോർട്ട്. കോൺഗ്രസുമായി അടുക്കാനുള്ള ശ്രമങ്ങൾ വിജയ് ആരംഭിച്ചതായി ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വോട്ടുകൊള്ള ആരോപണം ഉന്നയിച്ച രാഹുൽ ​ഗാന്ധിക്കും കോൺ​ഗ്രസിനുമൊപ്പം നിൽക്കുമെന്നും പോരാട്ടങ്ങൾക്ക് പിന്തുണ നൽകുമെന്നും നേരത്തെ വിജയ് വ്യക്തമാക്കിയിരുന്നു.  

അതേസമയം, കോൺഗ്രസുമായി സഖ്യമുണ്ടാക്കുക ടിവികെയ്ക്ക് അത്ര എളുപ്പമായിരിക്കില്ല. മുന്നണിയിൽ ഡിഎംകെയിൽ നിന്ന് വേണ്ടത്ര പ്രധാന്യവും പരിഗണനയും ലഭിക്കുന്നില്ലെന്ന വാദം കോൺഗ്രസ് തമിഴ്നാട് നേതൃത്വത്തിന് ഉണ്ടെങ്കിലും ദേശീയ നേതൃത്വവുമായി വലിയ അടുപ്പമാണ് എം.കെ സ്റ്റാലിനും ഡിഎംകെയ്ക്കുമുള്ളത്. എന്നാൽ ചെറിയ തോതിലാണെങ്കിലുമുള്ള വിള്ളൽ മുതലാക്കാനായൽ തമിഴ്നാട്ടിൽ മൂന്നാം മുന്നണിയെന്ന ലക്ഷ്യത്തിലെത്താൻ വിജയിയ്ക്കും ടിവികെയ്ക്കും സാധിക്കും. ഇതിനായി കോൺഗ്രസിന് പുറമെ പ്രേമലതാ വിജയകാന്തിന്റെ ഡിഎംഡികെയെയും എസ് രാംദാസിന്റെ പിഎംകെയും ടിവികെ പട്ടികയിലുണ്ട്. 

വിജയ് പങ്കെടുക്കുന്നത് തമിഴ്നാട് കോൺ​ഗ്രസിനും ​ഗുണകരമാകുമെന്ന വിലയിരുത്തലുമുണ്ട്. സ്റ്റാലിന്‍ വോട്ടര്‍ അധികാര്‍ യാത്രയില്‍ പങ്കെടുത്തിരുന്നു. മോദി സർക്കാർ നടത്തുന്ന അഴിമതി ഭരണത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് പിന്തുണ പകരുന്നതായിരുന്നു സ്റ്റാലിന്റെ എൻട്രി. മധുരയിൽ നടന്ന പാർട്ടിയുടെ രണ്ടാം സംസ്ഥാന സമ്മേളനത്തിൽ തമിഴഗ വെട്രി കഴകം പ്രസിഡന്റു കൂടിയായ വിജയ് ഡി.എം.കെ, എ.െഎ.ഡി.എം.കെ, ബി.ജെ.പി എന്നീ രാഷ്ട്രീയ കക്ഷികൾക്കെതിരെ ആഞ്ഞടിച്ചിരുന്നു. 

2026 ൽ ടിവികെ ഒരു സഖ്യം രൂപീകരിക്കുമെന്നും തിരഞ്ഞെടുപ്പിന് ശേഷം സഖ്യകക്ഷികളുമായി അധികാരം പങ്കിടുമെന്നും വേദിയിൽ വിജയി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സഖ്യത്തിൽ മത്സരിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റ് നോക്കുന്നത്. അതേസമയം വിജയ് നടത്തിയ പ്രസം​ഗത്തിന് പിന്നാലെ ഡി.എം.കെ പരിഹാസവുമായി രം​ഗത്തെത്തിയിരുന്നു. സിനിമ ഡയലോ​ഗ് പറഞ്ഞാൽ തിര‍ഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്നായിരുന്നു ഡി.എം.കെ നേതാക്കളുടെ പരിഹാസം. ആരാധകരോട് വിജയിയുടെ അം​ഗരക്ഷകർ നടത്തിയ ആക്രമണങ്ങളും ആയുധമാക്കി ഡിഎംകെ മാറ്റിയിട്ടുണ്ട്.

Related Posts