തിരുവനന്തപുരം: തെക്ക് – പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തിപ്രാപിക്കുന്നു. വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, അഞ്ച് ജില്ലകളിൽ യോല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 29ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചെന്ന് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ. കഴിഞ്ഞദിവസം റോഡിലേക്കു വീണ പാറക്കൂട്ടങ്ങളും മണ്ണും മരങ്ങളും നീക്കി ബുധനാഴ്ച രാത്രിയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ചെയുണ്ടായ മഴയിൽ മണ്ണിടിഞ്ഞ ഭാഗത്തുനിന്നു കല്ലും മണ്ണും വീണ്ടും ഇടിഞ്ഞ സാഹചര്യത്തിലാണു തീരുമാനം.
ചുരത്തിലൂടെ പോകുന്ന വാഹനങ്ങളിൽ കല്ലും മറ്റും പതിച്ച് അപകടമുണ്ടാകാവുന്ന സാഹചര്യം പരിഗണിച്ചാണ് ചുരത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തിയത്. അടിവാരത്തും ലക്കിടി വ്യൂ പോയിന്റിലും ചുരം കവാടത്തോടു ചേർന്നുമാണു വാഹനങ്ങൾ തടഞ്ഞത്. ഇതറിയാതെ എത്തുന്ന നിരവധി വാഹനങ്ങൾ കൂടിയായതോടെ ഈ റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.