Homepage Featured News World

അമേരിക്കയുടെ അധിക തീരുവ ഇന്ന് മുതൽ പ്രാബല്യത്തിൽ; പ്രതിസന്ധി മറികടക്കാൻ തിരക്കിട്ട നീക്കങ്ങൾ

വാഷിങ്ടൺ: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ഏർപ്പെടുത്തി അധിക തീരുവ ഇന്നുമുതൽ പ്രാബല്യത്തിൽ. റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയത്.  നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം ഇതും ചേരുമ്പോള്‍ ഇന്ത്യയില്‍നിന്ന് യുഎസിലേക്കു കയറ്റുമതിചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും. നേരത്തെയുണ്ടായിരുന്ന തീരുവ കൂടിയാകുമ്പോൾ ആകെ തീരുവ അറുപത് ശതമാനത്തിന് മുകളിലാവും.

യുഎസ് ആഭ്യന്തരസുരക്ഷാമന്ത്രാലയം അധിക തീരുവയിൽ ഇന്നലെ തന്നെ കരടുവിജ്ഞാപനമിറക്കിയിരുന്നു. യുഎസ് സമയം ബുധനാഴ്ച അര്‍ധരാത്രി 12.01-നുശേഷം പ്രാബല്യത്തിലായി. അമേരിക്കൻ വിപണിയിലെത്തുന്നതും സംഭരണശാലകളില്‍നിന്ന് യുഎസ് വിപണികളിലേക്ക് പുറപ്പെടുന്നതുമായ ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴച്ചുങ്കം ബാധകമാകും. ഇന്ത്യ, റഷ്യയില്‍നിന്ന് എണ്ണയും പടക്കോപ്പുകളും വാങ്ങി യുക്രൈന്‍ യുദ്ധത്തിനു സഹായംചെയ്യുന്നെന്നാരോപിച്ച് ഈ മാസം ഏഴിനാണ് ഇന്ത്യക്ക് ട്രംപ് 25 ശതമാനം പിഴച്ചുങ്കം പ്രഖ്യാപിച്ചത്. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ നീക്കുപോക്കുണ്ടാക്കി യുഎസുമായി കരാറുണ്ടാക്കുന്നതിനായി 21 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ചൊവ്വാഴ്ച അവസാനിച്ചു. യുഎസ് ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നെന്നാരോപിച്ച് ഇന്ത്യക്ക് പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കം ഈ മാസം ഏഴിന് നിലവില്‍വന്നു.

അമേരിക്കയുടെ  50 ശതമാനം തീരുവ ഇന്ത്യയുടെ കയറ്റുമതിമേഖലയെയും വിതരണശൃംഖലയെയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 2021-22 മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്.  തുന്നിയ വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, സമുദ്രോത്പന്നങ്ങൾ പ്രധാനമായും ചെമ്മീന്‍, തുകലുത്പന്നങ്ങള്‍, ചെരിപ്പ്, മൃഗങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, വൈദ്യുത-മെക്കാനിക്കല്‍ യന്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതിയെയാണ് തീരുവവര്‍ധന കൂടുതല്‍ ബാധിക്കുക. ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റിവിന്റെ കണക്കുപ്രകാരം ഇന്ത്യന്‍ കയറ്റുമതിയുടെ 66 ശതമാനവും ഈ മേഖലകളില്‍നിന്നാണ്. അതേസമയം മരുന്ന്, ഊര്‍ജോത്പന്നങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ എന്നിവയെ അധിക തീരുവ  ബാധിച്ചേക്കില്ല. ഇന്ത്യയെക്കൂടാതെ ബ്രസീലിനുമാത്രമാണ് യുഎസ് 50 ശതമാനം തീരുവ ചുമത്തിയിട്ടുള്ളത്.

യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നതിനാണ് അവരുടെ വ്യാപാരപങ്കാളിയായ ഇന്ത്യക്ക് തീരുവയേര്‍പ്പെടുത്തുന്നതെന്നാണ് വൈറ്റ്ഹൗസിന്റെ വാദം. യുഎസില്‍നിന്ന് എത്ര സമ്മര്‍ദമുണ്ടായാലും ഇന്ത്യയിലെ ചെറുകിടസംരംഭകരുടെയും കര്‍ഷകരുടെയും പശുപാലകരുടെയും താത്പര്യങ്ങളെ ഹനിക്കുന്ന ഒന്നിനും വഴങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. 

ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തിയതിന് പിന്നാലെ ഇന്ത്യ- അമേരിക്ക ബന്ധത്തിൽ വിള്ളലുണ്ടായിരുന്നു. പിന്നീട് സമവായ നീക്കത്തിന് ഇന്ത്യ മുൻകൈ എടുത്തുമില്ല. അമേരിക്കയില്ലെങ്കിൽ മറ്റ് രാജ്യങ്ങളുമായി വ്യാപാരം തുടരാം എന്ന നിലപാടിലായിരുന്നു ഇന്ത്യ. പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ തണുപ്പൻ പ്രതികരണം നടത്തി. മാത്രമല്ല റഷ്യയോടും ചൈനയോടും ഉൾപ്പെടെ മെച്ചപ്പെട്ട സൌഹൃദം സ്ഥാപിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു. വരുന്നയാഴ്ച ചൈനയിൽ നടക്കുന്ന ഉച്ചകോടിയിൽ കൂടുതൽ ലോക നേതാക്കളെ പക്ഷത്ത് ചേർക്കാൻ ചൈനയും റഷ്യയും ഇന്ത്യയും ശ്രമിക്കുന്നുണ്ട്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ചൈനയോടില്ലാത്ത സമീപനം ഇന്ത്യയോട് തുടരുന്നതിൽ കടുത്ത നീരസവുമുണ്ട്. അമേരിക്കയുമായി നല്ല സൗഹൃദമാണെന്ന് മോദി ആവർത്തിക്കുന്നതിനിടെയാണ് രാജ്യവുമായി ഒരു തരത്തിലുമുള്ള വ്യാപരവും അമേരിക്ക ആഗ്രഹിക്കുന്നില്ലെന്ന് ട്രംപ് പരസ്യ പ്രഖ്യാപനം നടത്തിയത്.

Related Posts