ശ്രീനഗർ: ജമ്മു കാശ്മീരിൽ രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിലും പ്രളയത്തിലും കനത്ത നാശനഷ്ടം. നദികൾ കരകവിഞ്ഞൊഴുകിയതോടെ പീർഖോ, നിക്കി താവി മേഖലകൾ പൂർണമായി വെള്ളക്കെട്ടിലായി. നാശത്തിന്റെ കണക്കെടുപ്പ് രേഖപ്പെടുത്താൻ ജമ്മു കാശ്മീർ ഭരണകൂടത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബുധനാഴ്ചയുണ്ടായ മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 38 കഴിഞ്ഞു.
താവി നദി കരകവിഞ്ഞൊഴുകിയതോടെ പ്രദേശമാകെ വെള്ളക്കെട്ടിലായി. ജലനിരപ്പ് കുറയാത്തതും അപകടസാധ്യത ഉയർത്തുകയാണ്. കേന്ദ്ര സേനയുടെ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സൈന്യവും ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകളും ഒരുമിച്ച് വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിൽ നിന്ന് 5,000 ത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ജമ്മുവിലെ സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, സർക്കാർ ഓഫീസുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. കശ്മീർ താഴ്‌വരയിലെ ശ്രീനഗർ, പുൽവാമ, ഷോപ്പിയാൻ, കുൽഗാം, അനന്ത്‌നാഗ് മേഖലയിലും മഴക്കെടുതി ബാധിച്ചു. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകരാറിലാണ്. മൊബൈൽ ഇന്റർനെറ്റ്, കോളിംഗ്, ഫൈബർ സേവനങ്ങൾ പുനഃസ്ഥാപിച്ചു.
കനത്ത മഴമൂലം നിർത്തിവച്ചിരുന്ന ജമ്മുവിനും പത്താൻകോട്ടിനും ഇടയിലുള്ള ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചു. വൈഷ്ണവോ ദേവി ക്ഷേത്ര പാതയിലുണ്ടായ മണ്ണിടിച്ചിലിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. കല്ലും മണ്ണും അടിഞ്ഞ് പാത സഞ്ചാരയോഗ്യമല്ലാത്ത സ്ഥിതിയാണ്.