ന്യൂഡൽഹി: അമേരിക്ക ചുമത്തിയ അമിത നികുതിയെ നേരിടാൻ ബൃഹത് പദ്ധതികളൊരുക്കി ഇന്ത്യ. വ്യാപാരമേഖലയിലെ പ്രതിസന്ധി മറികടക്കാൻ മറ്റ് രാജ്യങ്ങളോട് കൈകോർക്കാനാണ് വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നത്. ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് ഏർപ്പെടുത്തിയ 50 ശതമാനം നികുതിയുടെ ഫലമായി തൊഴിൽ മേഖലകൾക്ക് കടുത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കം.
തുണിത്തരങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയ പ്രധാന മേഖലകളിലെ വ്യാപാരം വർധിപ്പിക്കുന്നതിനായി ഇന്ത്യ 12ലധികം രാജ്യങ്ങളെ സമീപിച്ചിട്ടുണ്ട്. യുഎസിലേക്കുള്ള ചരക്കിന്റെയും സേവനങ്ങളുടെയും കയറ്റുമതിയിൽ 48 ബില്യൺ ഡോളറിന്റെ നഷ്ടം നികത്തുക എന്നതാണ് ലക്ഷ്യം. കയറ്റുമതി വൈവിധ്യവൽക്കരിക്കുന്നതിനും പുതിയ വിപണികൾ തുറക്കുന്നതിനുമായി അടുത്ത 72 മണിക്കൂറിനുള്ളിൽ വാണിജ്യ മന്ത്രാലയം വ്യവസായ പ്രമുഖർ, വ്യാപാര പ്രതിനിധികൾ, മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്താനാണ് ഒരുങ്ങുന്നത്.
വസ്ത്ര കയറ്റുമതിയിലെ കനത്ത നികുതിയെ നേരിടാൻ ഇംഗ്ലണ്ട്, ജപ്പാൻ, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ എന്നിവയുൾപ്പെടെ 40 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിനിധികളെ അയക്കും. 2025 സാമ്പത്തിക വർഷത്തിൽ അമേരിക്കയിലേക്ക് ടെക്സ്റ്റയിൽ മേഖലയിൽ മാത്രം കയറ്റിയഴച്ചത് 37 ബില്യൺ ഡോളർ കയറ്റുമതിയാണ്. ഇന്ത്യയെ ഉയർന്ന നിലവാരമുള്ളതും, സുസ്ഥിരവും, നൂതനവുമായ ഉൽപ്പന്നങ്ങളുടെ വിതരണക്കാരാക്കി മാറ്റുക എന്നതാണ് പുതിയ പദ്ധതി. ഇന്ത്യ ഇതിനകം 200 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
ചെമ്മീൻ കൃഷി, തുകൽ തുടങ്ങിയ മറ്റ് മേഖലകളിലുമുള്ള കയറ്റുമതി വികസിപ്പിക്കാനാണ് പദ്ധതി. ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ വിദേശ വിപണികൾ കൂടുതൽ തുകൽ ഷൂസ് വാങ്ങിയില്ലെങ്കിൽ, വ്യവസായം ദീർഘകാലാടിസ്ഥാനത്തിൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ആഗ്രയിൽ നിന്നുള്ള തുകൽ ചെരിപ്പ് വ്യാപാരികളും പറയുന്നു. ഈ ഘട്ടത്തിൽ സജീവമായി വിപണിയിൽ ഇടപ്പെടൽ നടത്താനാണ് കേന്ദ്രം ആലോചിക്കുന്നത്.
















