കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക് ശേഷം കോടതി വിശദമായ വാദം കേൾക്കും. ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസിലാണ് നടി ലക്ഷ്മി മേനോനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നത്. നടിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചിയിൽ ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്നാണ് കേസ്. മർദ്ദിച്ച സംഘത്തിൽ നടിയും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കേസിൽ മിഥുൻ, അനീഷ്, സോനാ മോൾ എന്നിവരെ നോർത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഈ മാസം 24നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. കൊച്ചിയിലെ ബാറിൽ നടന്ന സംഘർഷത്തിന് പിന്നാലെയാണ് ഐടി ജീവനക്കാരനെ ഒരു സംഘം ആളുകൾ വാഹനത്തിലെത്തി തട്ടിക്കൊണ്ടുപോയി മർദ്ദിച്ച ശേഷം റോഡിൽ ഉപേക്ഷിച്ചത്. പൊലീസ് അന്വേഷണം ഊർജിതമാക്കിയ ഘട്ടത്തിലാണ് അറസ്റ്റ് തടഞ്ഞുള്ള കോടതി വിധി നടി നേടിയെടുത്തത്.