Kerala Lead News News

ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങൾക്ക് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരട് ചട്ടം സബ്ജക്ട് കമ്മിറ്റി അയക്കേണ്ടതുണ്ടെന്നും രണ്ട് ചട്ടങ്ങളാണ് സർക്കാർ കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജീവനോപതിക്കായി പട്ടിക ഭൂമി അനുവദിക്കുന്നത് ഇതിന്റെ തുടർച്ചയായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

“മലയോരമേഖലയിലെ പ്രശ്നങ്ങൾ ഇന്ന് നടന്ന മന്ത്രിസഭായോ​ഗത്തിൽ ചർച്ച ചെയ്തു. തീരുമാനങ്ങൾ മലയോര ജനതയ്ക്കാകെ സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളാണ്. ദീർഘകാലമായി മലയോര ജനതയെ അലട്ടുന്ന പ്രശ്നങ്ങളായിരുന്നു മലയോര ജനതയുടെ ഭൂപ്രശ്നങ്ങൾ. സംസ്ഥാന സർ‌ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു ഈ പ്രശ്നങ്ങൾ പരിഹരിക്കുക എന്നുള്ളത്. 2016ൽ തന്നെ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിവിധ രീതിയിലുള്ള ശ്രമങ്ങൾ നടത്തിയതാണ്. അത്തരം ഇടപെടലുകളുടെ ഫലമായാണ് വിപ്ലവകരമായ ഭൂപതിവ് നിയമഭേദ​ഗതി കൊണ്ടുവന്നത്.” മുഖ്യമന്ത്രി പറഞ്ഞു.

1960ലെ കേരള ഭൂപതിവ് നിയമത്തിനു കീഴിലെ വിവിധ ചട്ടങ്ങൾ പ്രകാരം വ്യക്തികൾക്കും കുടുംബങ്ങൾക്കും കൃഷി, ഭവനനിർമാണം, അയൽവസ്തുവിന്റെ ​ഗുണകരമായ അനുഭവം, ഷോപ്സ് സൈറ്റുകൾ എന്നീ ആവശ്യങ്ങൾക്കായി പട്ടയം അനുവദിക്കുന്നതിന് വ്യവസ്ഥയുണ്ട്. ഈ കാലഘട്ടത്തിൽ ഭൂമി പതിച്ചുകിട്ടിയ പലരും മറ്റ് ആവശ്യങ്ങൾക്കായി ഉപയോ​ഗിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തു. പട്ടയ വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത നിർമാണവും കൈമാറ്റവും പലർക്കും പലവിധ ബുദ്ധിമുട്ടുകളാണ് ഉണ്ടായിട്ടുള്ളത്. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് പല പരിഹാരങ്ങളും സർക്കാർ ആലോചിച്ചെടുത്ത തീരുമാനമാണ് ഭൂപതിവ് നിയമഭേദഗതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രണ്ടു ചട്ടങ്ങളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഒന്നാമത്തേത്, പതിവു ലഭിച്ച ഭൂമിയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങളും, രണ്ടാമതായി, കൃഷിക്കും ഗൃഹനിര്‍മ്മാണത്തിനും മറ്റുമായി പതിച്ചു നല്‍കിയ ഭൂമി പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിനു അനുവദിക്കുന്നതിനുള്ള ചട്ടങ്ങളും. ഏറ്റവും നിര്‍ണ്ണായകമായത് വകമാറ്റി യുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങള്‍ക്ക് രൂപം നല്‍കലാണ്. വിപുലമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്.

ജീവനോപാധിക്കായി പട്ടയഭൂമി വിനിയോഗിക്കുന്നതിന് അനുമതിക്കായുള്ള രണ്ടാമത്തെ ചട്ടങ്ങള്‍ ഇതിന് തുടര്‍ച്ചയായി പരിഗണിക്കും. 1964ലെ ഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങളനുസരിച്ചും 1995ലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രദേശങ്ങളിലെ ഭൂമി പതിവ് ചട്ടങ്ങളനുസരിച്ചുമാണ് പട്ടയം കൂടുതലായി നല്‍കിയിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്ത് വിവിധ സന്ദര്‍ഭങ്ങളില്‍ ഭൂമി പതിച്ചു നല്‍കുന്നതിന് കൊണ്ടുവന്ന മറ്റു ചില ചട്ടങ്ങള്‍ കൂടിയുണ്ട്. 1970ലെ കൃഷിയുക്ത വനഭൂമി പതിച്ചുനല്‍കല്‍ ചട്ടങ്ങള്‍, കര്‍ഷകത്തൊഴിലാളികളുടെ പുനരധിവാസ ചട്ടങ്ങള്‍, റബ്ബര്‍ കൃഷി, ഏലം, തേയില, കോഫി എന്നിവയ്ക്കുള്ള പതിവ് ചട്ടങ്ങള്‍, വയനാട് കോളനൈസേഷന്‍ സ്കീം, 1993ലെ കേരള ലാന്‍റ് അസൈന്‍മെന്‍റ് സ്പെഷ്യല്‍ റൂള്‍സ് തുടങ്ങിയ ചട്ടങ്ങളനുസരിച്ച് വിവിധ വിഭാഗം ജനങ്ങള്‍ക്ക പതിച്ച് കിട്ടിയ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുക എന്ന ആവശ്യം പൂര്‍ണ്ണമായും പരിഹരിക്കപ്പെടും. കൂടുതല്‍ ചട്ടങ്ങള്‍ ഇതിന്‍റെ പരിധിയില്‍ കൊണ്ടുവരേണ്ടതുണ്ടെന്ന് കണ്ടാല്‍ അവയും കൂട്ടിച്ചേര്‍ക്കും.

Related Posts