Kerala News

എഐ ക്യാമറ അഴിമതി ആരോപണം; പ്രതിപക്ഷത്തിന് തിരിച്ചടി, ഹർജി തള്ളി

കൊച്ചി. എഐ ക്യാമറ വിവാദത്തിൽ പ്രതിപക്ഷത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ലെന്നും ആരോപണത്തില്‍ അന്വേഷണ ആവശ്യം നിലനില്‍ക്കില്ലെന്നും കോടതി  വ്യക്തമാക്കി.

ആരോപണം തെളിയിക്കുന്നതില്‍ ഹര്‍ജിക്കാര്‍ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു. 2023 ൽ സമർപ്പിച്ച ഹർജികളിൽ വിശദമായ വാദം കേട്ട ശേഷമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചു കേസിൽ വിധി പറഞ്ഞത്. എ ഐ ക്യാമറകൾ സ്ഥാപിക്കുന്നതിനായി കമ്പനികളുമായി ഉണ്ടാക്കിയ കരാർ റദ്ദാക്കണമെന്നും ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമായിരുന്നു  ഹർജിയിലെ ആവശ്യം. 

അന്വേഷണം പൂർത്തിയാകുന്നതുവരെ ക്യാമറകളുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അനുമതിയോടെ മാത്രമേ കരാറുകാർക്ക് പണം നൽകാവൂ എന്ന് കോടതി ആദ്യം നിർദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് കരാറുകാർക്ക് ഘട്ടം ഘട്ടമായി പണം കൈമാറുന്നതിന് കോടതി അനുമതി നൽകുകയായിരുന്നു. 

സംസ്ഥാനമുടനീളം എഐ ക്യാമറകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിൽ  സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കെൽട്രോണും ആയി ഉണ്ടാക്കിയ ഉപകര കരാറിൽ  മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരെ പോലും ആരോപണം ഉയർന്നിരുന്നു.വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരുന്ന മുഹമ്മദ് ഹനീഷായിരുന്നു അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്.നടപടികള്‍ എല്ലാം സുതാര്യമായിരുന്നുവെന്നും ഉയര്‍ന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമായിരുന്നു എന്നാണ് അന്വേഷണ റിപ്പോർട്ട്. 

Related Posts