രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പിളര്‍പ്പ്. വലിയൊരു വിഭാഗം നേതാക്കള്‍ രാഹുലിനെ പൂര്‍ണമായി തള്ളുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പില്‍ എംപിയും മാത്രമാണ് പിന്തുണയുമായുള്ളത്.
രാജി ‘സസ്‌പെന്‍ഷന്‍’ ആയി ചുരുങ്ങി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ ചൊല്ലി കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി മുന്‍ അധ്യക്ഷന്‍ കെ.സുധാകരന്‍, മുതിര്‍ന്ന നേതാക്കളായ കെ.മുരളീധരന്‍, ടി.എന്‍.പ്രതാപന്‍ തുടങ്ങിയവരെല്ലാം രാഹുലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കണമെന്ന നിലപാടിലായിരുന്നു. ഷാനിമോള്‍ ഉസ്മാന്‍, ഉമ തോമസ്, ബിന്ദു കൃഷ്ണ തുടങ്ങി വനിത നേതാക്കളും രാഹുലിനെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെടുന്നവരാണ്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും മറ്റൊരു നിലപാടില്ല. എന്നാല്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, ഷാഫി പറമ്പില്‍ എംപി എന്നിവരാണ് രാഹുലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കരുതെന്ന നിലപാടെടുത്തത്.
‘സസ്‌പെന്‍ഷന്‍’ സമവായം
രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന മുതിര്‍ന്ന നേതാക്കളെ കെപിസിസി അനുനയിപ്പിക്കുകയായിരുന്നു. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ഒരു കോണ്‍ഗ്രസ് എംഎല്‍എ എന്ന പ്രിവില്ലേജ് രാഹുലില്‍ നിന്ന് എടുത്തുകളയാമെന്ന് കെപിസിസി അധ്യക്ഷന്‍ ചെന്നിത്തല അടക്കമുള്ള നേതാക്കള്‍ക്കു ഉറപ്പ് നല്‍കി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഹുലിനെ മത്സരിപ്പിക്കില്ലെന്ന ഉറപ്പും കെപിസിസി നേതൃത്വം നല്‍കി. ഇതാണ് ‘സസ്‌പെന്‍ഷന്‍’ സമവായത്തിലേക്ക് നയിച്ചത്. മാത്രമല്ല പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യമുണ്ടായാല്‍ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും തിരഞ്ഞെടുപ്പ് ഫലം തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടിയായേക്കുമെന്നും കെപിസിസി നേതൃത്വം വിലയിരുത്തി.
രാഹുലിന്റെ വീഴ്ച
മാധ്യമ ചര്‍ച്ചകളിലൂടെയും പ്രസംഗങ്ങളിലൂടെയും രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പതനം കണ്ണടച്ചു തുറക്കും മുന്‍പാണ്. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്കു കത്ത് നല്‍കും. ഇതോടെ ‘സ്വതന്ത്ര എംഎല്‍എ’ മാത്രമായി രാഹുല്‍ ചുരുങ്ങും. സഭ ചേരുന്ന അവസരങ്ങളില്‍ ഒരു മിനിറ്റില്‍ കൂടുതല്‍ പ്രസംഗിക്കാനും അവസരം ലഭിക്കില്ല. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കു നിശ്ചയിക്കപ്പെട്ടിരിക്കുന്ന സീറ്റിലാണ് ഇപ്പോള്‍ രാഹുല്‍ ഇരിക്കുന്നത്. ഈ സീറ്റും മാറിയേക്കും.
പ്രതിരോധിച്ചു, ഒടുവില്‍ തള്ളേണ്ടിവന്നു
ആരോപണം ഉയര്‍ന്നതിന്റെ തുടക്കസമയത്ത് രാഹുലിനെ പ്രതിരോധിക്കുകയായിരുന്നു കോണ്‍ഗ്രസ്. രാഹുലിനെതിരെ പരാതിയൊന്നും ഇല്ലല്ലോ എന്നതായിരുന്നു പ്രതിരോധ കവചം. എന്നാല്‍ ചില ശബ്ദരേഖകള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായി. രാഹുലിന്റേതെന്ന നിലയില്‍ പുറത്തുവന്ന ശബ്ദസന്ദേശങ്ങളില്‍ സ്ത്രീകളെ അദ്ദേഹം ലൈംഗികമായി ചൂഷണം ചെയ്തതിന്റെയും ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചതിന്റെയും വ്യക്തമായ സൂചനകളുണ്ട്. ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണു പരാതിയില്ലെങ്കിലും കടുത്ത നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചത്.