ന്യൂഡൽഹി: യുക്രെയ്നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യയ്ക്കെതിരെ 50 ശതമാനം താരിഫ് പ്രഖ്യാപിച്ചതെന്ന വിചിത്ര വാദവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. യുദ്ധം നിർത്തുന്നതിന് റഷ്യയെ നിർബന്ധിക്കാൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സ്വീകരിച്ച മാർഗമാണ് ഉയർന്ന തീരുവ നടപടിയെന്നും വാൻസ് പറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നികുതിയേർപ്പെടുത്തിയ നടപടിയിലൂടെ ആക്രമണാത്മക സാമ്പത്തിക സ്വാധീനമാണ് ട്രംപ് ലക്ഷ്യമിടുന്നതെന്നും അസംസ്കൃത എണ്ണ വിറ്റ് റഷ്യ കൂടുതൽ സമ്പന്നരാകുന്നത് ബുദ്ധിമുട്ടാകുമെന്നും വാൻസ് കൂട്ടിച്ചേർത്തു.
യുക്രെയ്നിലെ റഷ്യയുടെ സൈനിക പ്രവർത്തനങ്ങൾ തടയുന്നതിനുള്ള സമ്മർദ്ദ തന്ത്രമായി ട്രംപിന്റെ ദ്വതീയ തീരുവ നീക്കത്തെ വാൻസ് വിലയിരുത്തി. ഇന്ത്യ റഷ്യയിൽ നിന്ന് വിലക്കുറവിൽ എണ്ണ വാങ്ങുന്നതിൽ ട്രംപ് സർക്കാർ നേരത്തേ തന്നെ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.
റഷ്യൻ എണ്ണ വാങ്ങുന്ന പ്രധാന രാജ്യമായ ചൈനയെ വിമർശിക്കുന്നതിൽ നിന്ന് ട്രംപ് വിട്ടുനിൽക്കുകയാണെന്ന വിമർശനവും ഒരു ഭാഗത്ത് ശക്തമാണ്. റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് ട്രംപിന് സാധിക്കുമെന്നും വാൻസ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇന്ത്യയ്ക്ക് മേൽ ഉയർന്ന താരിഫ് പ്രഖ്യാപിച്ചതിലൂടെ റഷ്യയ്ക്കുള്ള ട്രംപിന്റെ സന്ദേശം വ്യക്തമാണെന്നും വാൻസ് വിശദീകരിച്ചു. യുദ്ധം അവസാനിപ്പിച്ച് ആഗോള സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താൻ റഷ്യക്ക് കഴിയുമെന്നും എന്നാൽ യുക്രെയ്നെതിരെ ആക്രമണം തുടർന്നാൽ അവരെ ഒറ്റപ്പെടുത്തേണ്ടി വരുമെന്നും വാൻസ് മുന്നറിയിപ്പ് നൽകി
എന്നാൽ അമേരിക്കയുടെ ഭീഷണിയെ പൂർണമായും തള്ളിക്കളയുകയാണ് ഇന്ത്യ. റഷ്യയിലെ ഇന്ത്യൻ പ്രതിനിധി വളരെ വ്യക്തമായാണ് ഇക്കാര്യത്തിൽ മറുപടി പറഞ്ഞത്. ഏറ്റവും മികച്ച കരാറിൽ എണ്ണ ലഭിക്കുന്നിടത്ത് നിന്ന് ഇന്ത്യൻ കമ്പനികൾ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ അസന്നിഗ്ദമായി വ്യക്തമാക്കി. റഷ്യയിലെ ഇന്ത്ൻ പ്രതിനിധി വിനയ് കുമാറാണ് ഇക്കാര്യത്തിൽ അമേരിക്കക്ക് ശക്തമായ മറുപടി നൽകിയത്. രാജ്യത്തിന്റെ താത്പര്യത്തിനനുസരിച്ചേ മുന്നോട്ട് പോകൂ.. റഷ്യൻ സർക്കാറിന്റെ വാർത്താ ഏജൻസിയായ ടാസിന് നൽകിയ അഭിമുഖത്തിലാണ് വിനയ്കുമാറിന്റെ പ്രതികരണം. രാജ്യത്തെ ജനങ്ങളുടെ ഊർജ സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയാണ് രാജ്യം കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ വഴിത്തിരിവായേക്കാവുന്ന റഷ്യൻ നിലപാടുമാറ്റത്തെക്കുറിച്ചും യു എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഭാഗത്ത് നിന്ന് പരാമർശമുണ്ടായി. യുദ്ധാനന്തരം ഇനിയൊരു ആക്രമണത്തിൽനിന്ന് യുക്രെയ്നിന് സംരക്ഷണമേകാനുള്ള നീക്കങ്ങളോട് റഷ്യ അനുകൂല നിലപാട് അറിയിച്ചതുൾപ്പെടെയാണ് വാൻസ് പരാമർശിച്ചത്.
റഷ്യയുടെ പാവ സർക്കാരിനെ യുക്രെയ്നിൽ സ്ഥാപിക്കാനാകില്ലെന്ന തിരിച്ചറിവും അവർ പ്രകടിപ്പിച്ചു. എന്നാൽ യുദ്ധം അവർ നിർത്തുമെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നും വാൻസ് പറഞ്ഞു. യുദ്ധം തുടങ്ങി മൂന്നര വർഷത്തിനുശേഷം ആദ്യമായാണു റഷ്യ ഇങ്ങനെയൊരു നിലപാടുമാറ്റം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും തമ്മിൽ അലാസ്കയിൽ ഏതാനും ദിവസം മുൻപു കൂടിക്കാഴ്ച നടത്തിയിരുന്നു.
അജണ്ട അംഗീകരിക്കുംവരെ വ്ലാഡിമിർ പുട്ടിൻ – വൊളോഡിമിർ സെലെൻസ്കി കൂടിക്കാഴ്ചയില്ലെന്ന് കഴിഞ്ഞ ദിവസം റഷ്യൻ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ് നിലപാട് സ്വീകരിച്ചിരുന്നു. കൂടികാഴ്ചയ്ക്ക് വ്യക്തമായ അജണ്ട ഉണ്ടെങ്കിൽ ചർച്ചയ്ക്ക് പ്രസിഡന്റ് പുട്ടിൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉന്നയിച്ച നിരവധി വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് റഷ്യ തയാറായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എന്താണ് ഇതിലെ വിട്ടുവീഴ്ചെയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതവന്നിട്ടില്ല.