തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങൾ കടുത്തതോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സമഗ്ര മാറ്റം വരുത്താൻ യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ സംസ്ഥാന വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചകൾക്ക് വിലക്ക്. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കുമാത്രം സന്ദേശം അയക്കാവുന്ന രീതിയിൽ അഡ്മിൻ ഒൺലിയാക്കുകയും ചെയ്തു.
വിമര്‍ശനങ്ങളും മറുപടികളും വഴി കലുഷിതമായ ഗ്രൂപ്പില്‍, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.55-നാണ് അവസാന സന്ദേശം വന്നത്. അഡ്മിന്‍ ഒണ്‍ലിയാക്കിയെങ്കിലും, അഡ്മിന്‍മാരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍റാവു, സെക്രട്ടറി പുഷ്പലത, സംഘടനാ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസ് എന്നിവര്‍പോലും പിന്നീട് ഒരു മെസേജും അയച്ചിട്ടില്ല. രാഹുല്‍ ഗാന്ധി നയിക്കുന്ന വോട്ട് അധികാര്‍ യാത്രയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍പോലും ഗ്രൂപ്പിൽ വന്നിട്ടില്ല.
പെൺകുട്ടികളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദത്തിലായ ആദ്യ മണിക്കൂറുകളില്‍ നിശ്ശബ്ദമായിരുന്ന സംസ്ഥാന ഗ്രൂപ്പിനെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി സ്‌നേഹയുടെ ശബ്ദസന്ദേശമാണ് കലുഷിതമാക്കിയത്. വിവാദം സംബന്ധിച്ച് കൃത്യമായ ഉത്തരം കിട്ടണമെന്ന സ്‌നേഹയുടെ സന്ദേശത്തിനു പിന്നാലെ രാഹുല്‍ കാര്യങ്ങൾ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളവും സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫിറും രംഗത്തെത്തിയതോടെ സംസ്ഥാന ഭാരവാഹികള്‍ ചേരിതിരിഞ്ഞ് നടത്തിയ മെസേജ് പോര് ഗ്രൂപ്പില്‍ വലിയ ബഹളമായി. ഒടുവില്‍ ദേശീയനേതൃത്വം ഇടപെട്ട് ഗ്രൂപ്പ്തന്നെ പൂട്ടി.
എന്നാൽ മാങ്കൂട്ടത്തിലിനെതിരായ ചര്‍ച്ചകള്‍ ജില്ലാ ഗ്രൂപ്പുകളിലേക്ക് മാറി. 190 അംഗങ്ങളുള്ള സംസ്ഥാന വാട്‌സാപ്പ് ഗ്രൂപ്പിലെ നേതാക്കള്‍ അനൗദ്യോഗിക ഗ്രൂപ്പുകളുണ്ടാക്കി വിമര്‍ശനത്തിന്റെ ശക്തി കൂട്ടി. എറണാകുളം ജില്ല കേന്ദ്രീകരിച്ച്, രാഹുലിനുനേരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പ്രതിരോധിക്കാനായി മറുവിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. രാഹുലിന്റെ പെരുമാറ്റദൂഷ്യംമൂലം രണ്ടു പെണ്‍കുട്ടികള്‍ കെഎസ്‌യു വിട്ടതായി, എറണാകുളം ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍, ഒരു ജില്ലാ സെക്രട്ടറിതന്നെ സന്ദേശമിട്ടു. ഇതോടെ എറണാകുളം ജില്ലാ യൂത്ത് കോണ്‍ഗ്രസ് വാട്‌സാപ്പ് ഗ്രൂപ്പും ‘അഡ്മിന്‍ ഒണ്‍ലി’യാക്കി മാറ്റി.
വാട്സാപ്പ് വഴിമാത്രമല്ല. വനിതാ നേതാക്കളിൽ പ്രമുഖരെല്ലാം രാഹുൽ മാങ്കൂട്ടത്തിനെതിരെ നിലപാട് കടുപ്പിച്ചതോടെ മറിച്ച് പറയാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് നേതൃത്വം. സംസ്ഥാനത്തെ കോൺഗ്രസിന്റെ മുഖങ്ങളായ ഉമാ തോമസും, ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയും എല്ലാം ഒന്നടങ്കം എതിർത്തു. ആർ എം പി നേതാവ് കെ കെ രമയും ശക്തമായ എതിർപ്പാണ് രാഹുലിന് നേരെ ഉയർത്തിയത്. ഗ്രൂപ്പുകളിൽ ചർച്ചകളില്ലെങ്കിലും ഇവരെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന കാഴ്ചയാണ് ചുറ്റും.
രാഹുൽ മാങ്കൂട്ടത്തിനെതിര പരസ്യ നിലപാടെടുത്ത നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലേക്കെത്തി കാര്യങ്ങൾ. സൈബർ വെട്ടുകിളിക്കൂട്ടമാണ് ഇതിന് പിന്നിൽ. രാഹുലിന്റെ എം എൽ എ പദവിയിൽ രാജിയുൾപ്പെടെയുള്ള ആവശ്യം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇത്തരം നീക്കങ്ങളുണ്ടാകുന്നത് എന്ന് ശ്രദ്ധേയമാണ്.
ഇതിനിടെ ഇന്നലെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ച രാഹുലിന്റെ വാദഗതികളും തീരെ ദുർബലമായി. ട്രാൻസ് ജെൻഡർ അവന്തികയോട് സംസാരിച്ചതിന്റെ വീഡിയോ പങ്കുവെച്ചാണ് രാഹുൽ ന്യായീകരണത്തിന് ശ്രമിച്ചത്. എന്നാൽ മറ്റ് പെൺകുട്ടികൾക്ക് അയച്ച മെസേജിനെ കുറിച്ചോ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്യുന്ന ഓഡിയോ തന്റേതല്ലെന്ന് പോലും പറയാൻ രാഹുൽ തയ്യാറായിട്ടില്ല. ഓഡിയോ വ്യാജമാണെന്ന് ആരോപിക്കാൻ പോലും രാഹുൽ തയ്യാറാവാത്തത് കാര്യങ്ങളെ അംഗീകരിക്കുന്നതാണ് എന്ന് തന്നെയായാണ് പാർട്ടി വിലയിരുത്തുന്നത്. ആരോപണങ്ങളുടെ പേരിൽ കേസ് കൊടുക്കേണ്ടതില്ലെന്ന് കൂടി രാഹുൽ നിലപാടെടുത്തിട്ടുണ്ടെന്നാണ് സൂചന.
പാർട്ടി നേതൃത്വത്തിൽ നിന്ന് ഷാഫി പറമ്പിൽ ഒഴികെ ആരും ഇതുവരെ രാഹുലിനെ പിന്തുണച്ചിട്ടില്ല എന്നതാണ് വസ്തുത. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഹുലിനെ പരസ്യമായി പിന്തുണച്ച് ജനവികാരം എതിരാക്കാൻ നേതാക്കൾ തയ്യാറാവാത്തതുമാകാം കാരണം.