Homepage Featured Kerala News

ഉമ തോമസിൽ നിന്നുണ്ടായത് ഒരമ്മയുടെ പ്രതികരണം; സൈബർ അക്രമണങ്ങളെ പ്രതിരോധിക്കുമെന്ന് ഡിവൈഎഫ്ഐ

കൊച്ചി: രാഹുൽ മങ്കൂട്ടത്തിൽ വിഷയത്തിൽ പ്രതികരിച്ച കോൺഗ്രസ് എംഎൽഎ ഉമാ തോമസിനെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. എംഎൽഎക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തിനു പിന്നിൽ ഷാഫിയുടെയും രാഹുലിന്റെയും വെട്ടുകിളി കൂട്ടം ആണെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും ഡിവൈഎഫ്ഐ പ്രഖ്യാപിച്ചു. ഉമ തോമസിൽ നിന്നും ഒരമ്മയുടെ ഭാഗത്തുനിന്നുള്ള പ്രതികരണമാണ് ഉണ്ടായത്. ഇതിനെ ഷാഫിയുടെ അനുയായികൾ നേരിട്ടത് ക്രൂരമായാണ്‌.ആരെങ്കിലും ഇതിനെതിരെ കോൺഗ്രസിൽ എന്തെങ്കിലും പറഞ്ഞോയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും , പ്രസിഡന്റ് ഇ വസീഫും ചോദിച്ചു. 

“രാഹുലിനെതിരെ പ്രതികരിച്ച കെ.സി വേണുഗോപാലിന്റെ ഭാര്യക്കും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കേണ്ടിവന്നു. ഇവർക്കെല്ലാം എതിരെ അതിക്രൂരമായ സൈബർ ആക്രമണമാണ് നടക്കുന്നത്. സൈബർ ആക്രമണത്തിന് ഇരയായവർക്കൊപ്പം ആണ് ഡിവൈഎഫ്ഐ. ഷാഫി പറമ്പിലാണ് സൈബർ ആക്രമണങ്ങൾക്കെല്ലാം  നേതൃത്വം നൽകുന്നത്. പണം കൊടുത്ത് ആളുകളെ ഇറക്കിയാണ് ഷാഫി സൈബർ കൂട്ടത്തെ നിയന്ത്രിക്കുന്നത്. എവിടെ നിന്നുമാണ് ഇവർക്ക് എത്ര പണം ലഭിക്കുന്നത് ?” വയനാടിനു വേണ്ടി പിരിച്ചെടുത്ത പണം കൂടി ഇതിന് ഉപയോഗിക്കുന്നുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. ഷാഫി പറമ്പിലിന്റെയും രാഹുൽ മാങ്കൂട്ടത്തിന്റെയുമെല്ലാം സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പരാതി നൽകുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി.

രാജിവെച്ചാലും ഇല്ലെങ്കിലും രാഹുൽ മാങ്കൂട്ടം പാലക്കാട്ട് എംഎൽഎ എന്ന നിലയിൽ ഒരു പരിപാടിയിലും പങ്കെടുക്കില്ല.ഷാഫിയുടെയും രാഹുലിന്റെയും സൈബർ ആക്രമണത്തെ തുടർന്ന് കോൺഗ്രസിലെ ജനാധിപത്യം പോലും ഇല്ലാതായി.സോഷ്യൽ മീഡിയയിൽ ഫെയ്ക്ക് ഐഡികൾ ഉണ്ടാക്കി എല്ലാവരെയും ആക്രമിക്കുന്നു. വലിയ ഗൂഢസംഘമാണ് ഇവർ. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത അനുഭവമാണ് ഇപ്പോൾ നടക്കുന്നത്. ഇത് തുടരാൻ അനുവദിക്കില്ലെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കി. 

രാഹുൽ എംഎൽഎ സ്ഥാനം ഒഴിയണമെന്ന ആവശ്യവുമായി ഷാനിമോൾ ഉസ്മാൻ, കെ.കെ രമ തുടങ്ങിയ വനിത നേതാക്കളും രംഗത്തെത്തിയിരുന്നു. ആരോപണവിധേയരായ ആളുകൾ ഒരു കാരണവശാലും ഇതുപോലെയുള്ള സ്ഥാനങ്ങളിൽ തുടരാൻ അർഹരല്ലായെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. രാഹുൽ പൊതു-രാഷ്ട്രീയ രംഗത്ത് നിന്ന് മാറി നിൽക്കുന്നത് തന്നെയാണ് വേണ്ടതെന്ന് ഷാനിമോൾ ഉസ്മാനും വ്യക്തമാക്കി. ഇതോടെ കോൺഗ്രസിനുള്ളിൽ നിന്നും മുന്നണിയിൽ നിന്നും രാഹുലിന്റെ രാജിയാവശ്യം ശക്തമാകുകയാണ്. 

അതേസമയം, രാഹുൽ മാങ്കൂട്ടത്തലിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നേരത്തെ രാഹുൽ രാജിവെച്ചിരുന്നു. പിന്നാലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും ശബ്ദ രേഖകളുമടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് കോൺഗ്രസ് കടുത്ത അച്ചടക്ക നടപടിയിലേക്ക് നീങ്ങിയത്. അതേസമയം, രാഹുൽ നിയമസഭ അംഗമായി തുടരും. 

Related Posts