ബെംഗളൂരു: ധർമ്മസ്ഥല കേസിൽ എസ്ഐടിയുടെ അന്വേഷണം തുടരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ മുൻ ശുചീകരണ തൊഴിലാളി സി എൻ ചിന്നയ്യയെ ചോദ്യം വിശദമായി ചോദ്യം ചെയ്യുകയാണ്. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഇയാൾ ഉറച്ച് നിന്നതോടെ മണ്ണ് കുഴിച്ചുള്ള പരിശോധന പുനരാരംഭിക്കുവാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഓരോ ദിവസവും കേസിൽ വലിയ വഴിത്തിരിവാണ് ഉണ്ടാകുന്നത്. തെളിവിനായി ഹാജരാക്കിയ തലയോട്ടി വ്യാജമാണെന്ന് കണ്ടെത്തിയതിന് തുടർന്നാണ് കഴിഞ്ഞദിവസം അറസ്റ്റിലായ മുൻശുചീകരണ തൊഴിലാളി സി എൻ ചിന്നയ്യയുടെ ചോദ്യം ചെയ്യൽ. തലയോട്ടി എവിടെ നിന്ന് ലഭിച്ചുവെന്നും എന്തിനാണ് കോടതിയിൽ തെളിവായി ഹാജരാക്കിയതെന്നും കണ്ടെത്തുന്നതിനായാണ് ഇയാളെ ചോദ്യം ചെയ്യുന്നത്.
ഹാജരാക്കിയ തലയോട്ടി പുരുഷന്റേതാണെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിച്ചു എന്ന വെളിപ്പെടുത്തലിൽ ഇയാൾ ഉറച്ച് നിൽക്കുന്നതായാണ് ലഭിക്കുന്ന വിവരം.ഈ സാഹചര്യത്തിൽ മണ്ണ് കുഴിച്ചുള്ള പരിശോധന പുനരാരംഭിക്കുവാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ഇതിനിടയിൽ അനന്യ ഭട്ടിന്റെ തിരോധാനവുമായി ബന്ധപ്പെട്ടും അവ്യക്തത തുടരുകയാണ്. ഇങ്ങനെയൊരു മകൾ ഇല്ല എന്ന പ്രസ്താവനയുമായി അമ്മ സുജാതാ ഭട്ട് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.എന്നാൽ ഭീഷണിക്ക് വഴങ്ങിയാണ് ഇത്തരം ഒരു പ്രസ്താവന നടത്തേണ്ടി വന്നതെന്നാണ് ഇപ്പോൾ ഇവരുടെ വെളിപ്പെടുത്തൽ. ഇവരെ വിശദമായി ചോദ്യം ചെയ്യാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.
ധർമ്മസ്ഥലയിൽ നിരവധി സ്ത്രീകൾ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടുവെന്നും ഭീഷണിക്ക് വഴങ്ങി ഇവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചുവെന്നുമായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. ആരോപണങ്ങളിൽ ആദ്യം അന്വേഷണം പ്രഖ്യാപിക്കാതിരുന്ന കർണാടക സർക്കാർ സമ്മർദം ശക്തമായതോടെ പ്രത്യേക അന്വേഷണസംഘം രുപീകരിക്കുകയായിരുന്നു. ജൂലൈ 4 നാണ് മുൻ ശുചീകരണ തൊഴിലാളി ധർമ്മസ്ഥല പോലീസിൽ കൂട്ട ശവസംസ്കാരം നടത്തിയന്ന പരാതി നൽകുന്നത്.ജൂലൈ 4 ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് ജൂലൈ 19 നാണ് വിശദമായ അന്വേഷണത്തിനായി സംസ്ഥാന സർക്കാർ പ്രത്യേക സംഘത്തെ രൂപീകരിച്ചത്. നേരത്തെ ധർമസ്ഥല പൊലീസ് സ്റ്റേഷനിൽനിന്ന് കഴിഞ്ഞ ദശകങ്ങളിൽ രജിസ്റ്റർ ചെയ്ത അസ്വാഭാവിക മരണകേസുകളുടെ സമഗ്ര വിവരം ടീം തലവനായ എസ്.എസ്.പി യുവരാജ് ശേഖരിച്ചിരുന്നു. കഴിഞ്ഞ ദശകങ്ങളിൽ ഗ്രാമത്തിൽ കുഴിച്ചിട്ട, അവകാശപ്പെടാത്ത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായി ഏതാനും എൻ.എച്ച്.ആർ.സി ഉദ്യോഗസ്ഥർ ധർമസ്ഥല ഗ്രാമപഞ്ചായത്ത് ഓഫിസ് സന്ദർശിക്കുകയും ചെയ്തിരുന്നു.
2003-ൽ തന്റെ മകൾ അനന്യ ഭട്ടിനെ കാണാതായതുമായി ബന്ധപ്പെട്ട് ജൂലൈ 15-നാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. പിന്നാലെ, പരാതി എസ്ഐടിക്ക് കൈമാറിയിരുന്നു. എസ്ഐടി അന്വേഷണം ആരംഭിച്ചപ്പോഴാണ് താൻ പറഞ്ഞ കഥ വ്യാജമാണെന്നും സ്വത്ത് പ്രശ്‌നം കാരണം ആക്ടിവിസ്റ്റുകൾ മകളെ കാണാതായെന്ന കഥ സൃഷ്ടിക്കാൻ തന്നിൽ സമ്മർദ്ദം ചെലുത്തിയതെന്നും ഇവർ ആരോപിച്ചു. മകളുടേതെന്ന പേരില്‍ നേരത്തെ പുറത്തുവിട്ട ഫോട്ടോയും വ്യാജമാണെന്നിവർ പറഞ്ഞു. ആക്ടിവിസ്റ്റുകളായ ഗിരീഷ് മട്ടന്നവർ, ടി ജയന്തി എന്നിവരാണ് വ്യാജ കഥ കെട്ടിച്ചമയ്ക്കാൻ തന്നിൽ സമ്മർദ്ദം ചെലുത്തിയതെന്നും ഇവർ വെളിപ്പെടുത്തി. കർണാടകയിലെ ജനങ്ങൾക്ക് വേണ്ടി, ധർമ്മസ്ഥലയിലെ ഭക്തർക്ക് വേണ്ടി, ഈ സംസ്ഥാനത്തെ ജനങ്ങളോടും മുഴുവൻ രാജ്യത്തോടും ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും അവർ പറഞ്ഞു.