തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തലിന്റെ രാജി ആവശ്യപ്പെടാനുള്ള ധാർമികത ആർക്കുമില്ലെന്നു കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. രാഹുൽ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെതിരെ ഉയർന്ന ആക്ഷേപങ്ങൾ പാർട്ടി ഗൗരവമായി കാണുന്നു. വാർത്ത വന്നപ്പോൾ തന്നെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാഹുൽ ഒഴിഞ്ഞു മാതൃക കാട്ടിയിരുന്നു. തുടർനടപടികളെ സംബന്ധിച്ചു കോൺഗ്രസ്സ് നേതൃത്വം ചർച്ച നടത്തി. ആരോപണ വിഷയത്തിൽ പാർട്ടിക്കോ നിയമപരമായോ പരാതി ലഭിച്ചിട്ടില്ല. എംഎൽഎ സ്ഥാനം രാജി വെക്കാൻ ആവശ്യപ്പെട്ടുള്ള ന്യായീകരണങ്ങൾ നിലനിൽക്കില്ല. കോൺഗ്രസ്സ് എന്നും സ്ത്രീകളുടെ ആത്മാഭിമാനവും മാന്യതയും സുരക്ഷിതത്വവും അങ്ങേയറ്റം സംരക്ഷിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു
അതേസമയം ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. 6 മാസത്തേക്കാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നേരത്തെ രാഹുൽ രാജിവെച്ചിരുന്നു. പിന്നാലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും ശബ്ദ രേഖകളുമടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് കോൺഗ്രസ് കടുത്ത അച്ചടക്ക നടപടിയിലേക്ക് നീങ്ങിയത്. അതേസമയം, രാഹുൽ നിയമസഭ അംഗമായി തുടരും.
രാഹുലിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം മുതിർന്ന നേതാക്കൾക്കിടയിൽ ശക്തമായ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ പുതിയ നീക്കം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, വി.എം സുധീരൻ, ജോസഫ് വാഴയ്ക്കൻ അടക്കമുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ രാജിവെക്കണമെന്ന നിലപാട് പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഈ ആവശ്യത്തെ തള്ളി രാഹുലിനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എന്നായിരുന്നു ഞായറാഴ്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞത്.
അതേസമയം, രാഹുൽ എംഎൽഎ സ്ഥാനവും രാജിവെച്ചേക്കുമെന്ന സൂചനയാണ് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ നൽകുന്നത്. രാഹുലിനെതിരായ നടപടികളുടെ രണ്ടാം ഘട്ടം മാത്രമാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത തീരുമാനമെന്ന് തിരുവഞ്ചൂർ രാധകൃഷ്ണൻ പറഞ്ഞു. രാജിവെക്കേണ്ടതില്ലായെന്ന തീരുമാനം കോൺഗ്രസ് പൂർണമായി എടുത്തില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശും വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും ഇതിന് ശേഷമുള്ള തീരുമാനം അദ്ദേഹം ഇന്ന് അറിയിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സമഗ്ര മാറ്റം വരുത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ സംസ്ഥാന വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചകൾക്ക് വിലക്ക്. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കുമാത്രം സന്ദേശം അയക്കാവുന്ന രീതിയിൽ അഡ്മിൻ ഒൺലിയാക്കുകയും ചെയ്തു. നേരത്തെ ഔദ്യോഗിക ഗ്രൂപ്പുകളിൽ നിന്നെല്ലാം രാഹുൽ സ്വയം പുറത്തു പോയിരുന്നു.