തിരുവനന്തപുരം: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ മോശം സന്ദേശങ്ങൾ അയച്ചെന്ന പരാതിയുമായി വനിതാ എസ്ഐമാർ. ഡിഐജി അജിതാ ബീഗത്തിനാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥർ പരാതി നൽകിയിരിക്കുന്നത്. മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്ന് പരാതികളിൽ ആരോപിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജിയാണ് അജിതാ ബീഗം.
തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. തെക്കൻ ജില്ലയിൽ ജില്ലാ പൊലീസ് മേധാവിയായിരുന്ന സമയത്ത് ഉദ്യോഗസ്ഥൻ സന്ദേശമയച്ചുവെന്നാണ് പരാതി. ഇരുവരും പരാതിയിൽ ഉറച്ചുനിൽക്കുകയും മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. ആരോപണം ഉന്നയിക്കപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥൻ ഇപ്പോൾ തിരുവനന്തപുരത്ത് സുപ്രധാന ചുമതലയിലാണ് ജോലി ചെയ്യുന്നത്.
ഡിജിപിയുടേതാണ് ഉത്തരവ് പ്രകാരം പൊലീസ് ആസ്ഥാനത്തെ എസ്‌പി മെറിൻ ജോസഫ് പരാതി അന്വേഷിക്കും. പോഷ് നിയമപ്രകാരം പരാതി അന്വേഷിക്കണം എന്നാണ് ഡിഐജിയുടെ നിർദേശം. കേസ് അന്വേഷണ ചുമതലയുള്ള എസ്‌പി മെറിൻ ജോസഫ് പൊലീസ് ആസ്ഥാനത്തെ വുമൺ കംപ്ലൈന്റ് സെൽ അധ്യക്ഷ കൂടിയാണ്.
അതീവ രഹസ്യമായി പരാതിയിൽ അന്വേഷണം നടത്തിയിരുന്നു. ക്രമസമാധാന ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. പരാതി ലഭിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞെന്നാണ് വിവരം. എന്നാൽ പരാതിയിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് പൊലീസിലെ ഉന്നത ഉദ്ദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. പരാതിയുടെ പകർപ്പ് ഇതുവരെ ലഭ്യമാകാത്തതിനാൽ കുറ്റം ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ സാധിക്കില്ല. കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ വകുപ്പുതല നടപടികൾ ഉണ്ടാകും.