Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാനാകുമോ? പൊലീസ് തലപ്പത്ത് തിരക്കിട്ട ചർച്ചകൾ

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസെടുക്കാനാകുമോയെന്ന കാര്യത്തില്‍ പോലീസില്‍ തിരക്കിട്ട കൂടിയാലോചനകൾ. ഇതുവരെ പുറത്തുവന്ന ശബ്ദസന്ദേശങ്ങളുടെയും ചാറ്റ് സ്‌ക്രീന്‍ഷോട്ടുകളുടെയും പശ്ചാത്തലത്തിലാണ് പോലീസ് തലപ്പത്ത് ഇത്തരമൊരു പരിശോധന നടക്കുന്നത്. പരാതിക്കാരില്ലാത്തതിനാല്‍ കേസ് നിലനില്‍ക്കുമോയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിക്കുന്നത്. ഇതുസംബന്ധിച്ച് നിയമോപദേശവും തേടിയേക്കും.

രാഹുല്‍ മാങ്കൂട്ടത്തില്‍ എം എൽ എ അപമാനിച്ചുവെന്ന ആരോപണങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെയും വാര്‍ത്താചാനലുകളിലൂടെയും ഉയര്‍ന്നുവന്നുവെങ്കിലും നേരിട്ടുള്ള പരാതികളൊന്നും ഇതുവരെ പോലീസിനു ലഭിച്ചിട്ടില്ല. ഗര്‍ഭച്ഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചുവെന്ന ആരോപണം ഉള്‍ക്കൊള്ളുന്ന ശബ്ദശകലം പുറത്തുവന്നുവെങ്കിലും ഇക്കാര്യത്തിലും പരാതിയില്ലാതെ പോലീസിന് കേസെടുക്കാനാകില്ല. ഗര്‍ഭച്ഛിദ്രത്തിനു പ്രേരിപ്പിക്കുന്നത് പത്തുവര്‍ഷം ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണെങ്കിലും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഇക്കാര്യത്തില്‍ പോലീസിനു നേരിട്ടുള്ള പരാതി കിട്ടിയിട്ടുമില്ല. അതേസമയം, മൂന്നാം കക്ഷികളില്‍നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ചില പരാതികള്‍ ലഭിച്ചിട്ടുമുണ്ട്. ഇത് അടിസ്ഥാനമാക്കി കേസെടുക്കാനാകില്ലെന്നും വാദമുണ്ട്. 

ആരോപണമുയർന്ന് നാല് ദിവസം പിന്നിട്ടിട്ടും ഒരു പെൺകുട്ടിയും രാഹുലിനെതിരെ പരാതി നൽകിയിട്ടില്ല. സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന വെളിപ്പെടുത്തലുകളല്ലാതെ കേസ് എന്ന രീതിയിലേക്ക് മുന്നോട്ട് പോകാവുന്ന തരത്തിലുള്ള പരാതിയില്ല. ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ച ഘടകമാണ് ഇതിൽ ഗുരുതരം പക്ഷേ അതിലും പരാതിയില്ല എന്നത് കാര്യങ്ങൾ സങ്കീർണമാക്കുന്നു. വാർത്താ പ്രാധാന്യമല്ല പരാതിയാണ് നടപടിയെടുക്കാൻ ആവശ്യമായ ഘടകം എന്നിരിക്കെ രാഹുലിന്റെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കണം എന്നതിൽ പൊലീസിലും ആശയക്കുഴപ്പുമുണ്ട്. 

നിലവിൽ രാഹുലിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന അതിക്രമങ്ങളിലെ കേസുകളല്ലാതെ മറ്റൊന്നുമില്ല. ഇതുവരെ ഇക്കാര്യങ്ങളൊന്നും നിഷേധിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ  തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. രാഷ്ട്രീയത്തിൽ എതിർ ചേരിയിൽ നിന്നുളളതിനേക്കാളും വലിയ പ്രതിഷേധം രാഹുൽ മാങ്കൂട്ടത്തിലിന് നേരിടേണ്ടി വരുന്നത് സ്വന്തം പാർട്ടിയിൽ നിന്നാണ്. അതിൽതന്നെ യൂത്ത് കോൺഗ്രസിന് അകത്ത് നിന്നുള്ള പ്രതിഷേധം.  കൂടെ നടന്ന പലരും ഇപ്പോൾ രാഹുലിനെ രാഷ്ട്രീയത്തിൽ നിന്നേ വിലക്കണമെന്ന ആവശ്യം മുന്നോട്ട് വെച്ചു. ആരോപണങ്ങൾ പുറത്ത് വന്ന് ദിവസങ്ങൾ പിന്നിടുമ്പോഴും സന്തത സഹചാരിയായ ഷാഫി പറമ്പിലല്ലാതെ മറ്റാരും പിന്തുണച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഈ ഉയരുന്ന ആരോപണങ്ങളുടെ തുടർച്ചയിൽ ഷാഫിയുടെ പിന്തുണ നന്നേ നേർത്തുപോയി.

എക്കാലവും രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച വി ഡി സതീശൻ കടുത്ത നടപടികളിലേക്ക് കടക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നുള്ള രാജി തുടക്കം മാത്രമാണെന്നും മറ്റ് പ്രസ്ഥാനങ്ങൾ പോലെയല്ല കോൺഗ്രസ് പാർട്ടിയെന്നും വി ഡി സതീശൻ പറഞ്ഞത് രാഹുൽ മാങ്കൂട്ടത്തിലിന്റെ എം എൽ എ സ്ഥാനത്തു നിന്നുള്ള പടിയിറക്കം ലക്ഷ്യമിട്ടിട്ടാണ് എന്ന് സൂചനകളുമുണ്ട്.  ഇതുവരെയും രാഹുലോ പാർട്ടിയോ ഇനിയെന്ത് എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

കഴിഞ്ഞ രണ്ട് ദിവസമായി പത്തനംതിട്ടയിലെ വീട്ടിൽ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഇന്നലെ കാര്യങ്ങൾ വിശദീകരിക്കാൻ വാർത്താ സമ്മേളനം വിളിക്കാൻ ശ്രമിച്ചുവെങ്കിലും അതിനെ പാർട്ടി നേതൃത്വം ഇടപെട്ട് വിലക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ സ്വയം ന്യായീകരിക്കാനുള്ള രാഹുലിന്റെ നീക്കത്തെ തടയുക എന്നതാണ് പാർട്ടിയ്ക്ക് ചെയ്യാൻ കഴിയുന്ന ഏക കാര്യം. എം എൽ എ സ്ഥാനത്തുനിന്നുള്ള രാജി ആവശ്യപ്പെടണമെങ്കിൽ പൊലീസ് കേസോ പരാതിയോ വേണം. ഇതുവരെ രാഹുലിനെതിരെ എന്തെങ്കിലും  പരാതിയില്ലാത്ത സാഹചര്യത്തിൽ ഉടനെ അത്തരമൊരു നീക്കമുണ്ടാവില്ലെന്നും പറയാം. എന്നാൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാൻ അടയിന്തര നടപടികളിലേക്ക് പാർട്ടി നേതൃത്വം കടന്നാലും അതിശയോക്തിയില്ല.

നേരത്തെ വലിയ കോളിളക്കമുണ്ടാക്കിയതാണ് സിനിമാ മേഖലയിലെ സ്ത്രീകളുന്നയിച്ച പരാതികൾ. ഇതിനായി നിയോഗിച്ച കമ്മിറ്റിയ്ക്ക് മുന്നിൽ പലരും വന്ന് അവരുടെ അനുഭവങ്ങൾ പറഞ്ഞെങ്കിലും കേസുമായി മുന്നോട്ട് പോകാൻ ആരും താത്പര്യം പ്രകടിപ്പിച്ചില്ല. ഇതോടെ കേസുകള്‍ അവസാനിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയും പരാതിക്കാര്‍ മുന്നോട്ടുവന്നില്ലെങ്കില്‍ കേസെടുക്കണോയെന്നത് സര്‍ക്കാര്‍ തീരുമാനമായിരിക്കും.

Related Posts