Homepage Featured Kerala News

സംരക്ഷിക്കേണ്ടതില്ലെന്ന് നേതാക്കൾ, രാജിയിൽ ഉറച്ച് സതീശൻ; രാഹുലിന് മുന്നിൽ വാതിലുകൾ അടയുന്നു

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ രാജി സമ്മർദ്ദം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതുകൊണ്ട് മാത്രമാകില്ലെന്നും നിയമസഭാംഗത്വവും രാജിവെക്കണമെന്ന് കോൺഗ്രസിലെയും യൂത്ത് കോൺഗ്രസിലെയും ഒരു വിഭാഗം നേതാക്കൾ ശക്തമായി തന്നെ വാദിക്കുന്നുണ്ട്. രാഹുൽ രാജിക്ക് വിസമ്മതിക്കുകയാണെങ്കിൽ പുറത്താക്കുന്നത് അടക്കമുള്ള അച്ചടക്ക നടപടികളും പാർട്ടി പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 

മുഖം നോക്കാതെ നടപടി വേണമെന്ന് സതീശൻ

രാഹുലിനെതിരെ കൂടുതൽ നടപടിയുണ്ടാകുമെന്ന സൂചന ശനിയാഴ്ച തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകിയിരുന്നു. കോൺഗ്രസ് നിയമസഭാ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനോടു ശക്തമായ വിയോജിപ്പുണ്ടെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളെ അറിയിച്ചു. സംഘടനയ്ക്കുള്ളിലും പരസ്യമായും രാഹുലിനെതിരെ കൂടുതൽ നടപടികൾ വേണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് വി.ഡി സതീശൻ. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് ആദ്യ നടപടിയാണെന്നും രാഹുലിനെതിരായ പരാതികളിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. 

രാജിയാവശ്യവുമായി ചെന്നിത്തലയും

രാഹുലിനെതിരെ നടപടി ഏറ്റവും ആദ്യം ഉന്നയിച്ച മുതിർന്ന നേതാക്കളിൽ ഒരാളാണ് മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല. രാഹുൽ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന ആവശ്യമാണ് രമേശ് ചെന്നിത്തലയും നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. കോൺഗ്രസിനാകെ അവമതിപ്പുണ്ടാകുന്നതാണ് രാഹുലിനെതിരെ ഉയർന്നു വന്നിരിക്കുന്ന ആരോപണങ്ങൾ. ഇതിൽ ശക്തമായ നടപടിയെടുക്കാത്ത പക്ഷം അത് പാർട്ടിയെയും ബാധിക്കുമെന്ന നിലപാടാണ് ചെന്നിത്തലയുടേത്. 

സംരക്ഷിക്കേണ്ടതില്ലെന്ന് മുരളീധരനും

കുറ്റാരോപിതനെ സംരക്ഷിക്കേണ്ടതില്ലായെന്ന നിലപാടാണ് മുതിർന്ന നേതാവ് കെ മുരളീധരനുമുള്ളത്. മാധ്യമങ്ങളോടും നേതൃത്വത്തോടും തന്റെ ഭാഗം വിശദീകരിച്ച് മുരളീധരൻ പാർട്ടി നിലപാട് വൈകരുതെന്നും ആവശ്യപ്പെടുന്നു. പലർക്കും പല അസുഖവുമുണ്ടാകാമെന്നും ആരൊക്കെ മതിൽ ചാടുമെന്ന് എങ്ങനെ അറിയുമെന്നും മുരളീധരൻ ചോദിക്കുന്നു. 

രാഹുലിനെ പിന്തുണയ്ക്കുന്നവർ

പരസ്യമായി ആരും തന്നെ രാഹുലിന് ഉറച്ച പിന്തുണ പ്രഖ്യാപിച്ചിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. രാഹുലിനെ പുറത്താക്കിയതോ രാജി വാങ്ങിച്ചതോ അല്ലായെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും. ആരോപണങ്ങളുണ്ടായപ്പോൾ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയാൻ പാർട്ടിയും രാഹുലും ഉടനടി എടുത്ത തീരുമാനമാണെന്നാണ് വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞത്. 

സമ്മർദ്ദത്തിലാക്കുന്ന പുതിയ തെളിവുകൾ 

രാഹുലിന്റേതായി പുറത്തുവന്ന പുതിശ ശബ്ദ രേഖകൾ പാർട്ടിയെയും നേതൃത്വത്തെയും കൂടുതൽ സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇന്നലെ പുറത്തുവന്നത് തികച്ചും സ്ത്രീവിരുദ്ധമായ സംഭാഷണമാണ്. ഗര്‍ഭഛിദ്രത്തിന് തയ്യാറാകാത്ത യുവതിയെ ഭീഷണിപ്പെടുത്തുന്നത് ഓഡിയോയിൽ വ്യക്തമാണ്. എനിക്ക് തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ കരുതുന്നത്. എത്ര സെക്കന്‍ഡ് വേണമെന്നാണ് താന്‍ വിചാരിക്കുന്നത്?’ എന്ന് രാഹുൽ ചോദിക്കുന്നതും ശബ്ദരേഖയിൽ കേൾക്കാം. 

തീരുമാനം കെപിസിസിയുടേത്

തീരുമാനം കേരള നേതൃത്വത്തിനു വിടുകയാണ് എഐസിസി ചെയ്തിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാലും ദീപ ദാസ്മുൻഷിയും പ്രധാന നേതാക്കളുമായി ആശയവിനിമയം തുടങ്ങി. കെപിസിസി പ്രസി‍ഡന്റ് സണ്ണി ജോസഫും നേതാക്കളുടെ അഭിപ്രായം തേടി.

Related Posts