Kerala News

തൃശൂരിൽ ലുലു മാൾ വൈകുന്നതിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ കടുംപിടുത്തം: എം.എ യൂസഫലി

തൃശൂർ: തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു  രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണ്. 3000 പേർക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ചിയ്യാരത്ത്  തൃശ്ശൂർ മാനേജ്മെന്റ് അസോസിയേഷൻ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാൾ നിർമ്മിക്കാൻ സ്ഥലം ഏറ്റെടുത്ത് പ്രവർത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരെ കേസെത്തിയത്. ഇപ്പോഴും ആ കേസ് ഹൈക്കോടതി പരിഗണനയിലാണ്. രണ്ടരവർഷമായി ആ കേസ് മുന്നോട്ട് പോകുകയാണ്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കിൽ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസ്സങ്ങൾ മാറിയാൽ തൃശൂരിൽ ലുലുവിന്റെ മാൾ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുപാട് ബിസിനസുകാരുടെ പാദസ്പർശം കൊണ്ട്  അനു​ഗ്രഹീതമാണ് തൃശൂർ. കേരളത്തിലെ എല്ലാ അറിയപ്പെടുന്ന ബിസിനസുകാരും തൃശൂരിന്റെ സംഭാവനയാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. പുതിയ  തലമുറയ്ക്കായി  തൃശൂർ മാനേജ്മെന്റ് അസോസിയേഷൻ കരുതിവയ്ക്കുന്ന സാംസ്കാരിക പരമായും പ്രൊഫഷണൽപരവുമായി മികവ് എടുത്ത് പറയേണ്ടതാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. 

Related Posts