India News

രേഖകളില്ലാത്ത 12 കോടി രൂപയും അത്യാഡംബര വാഹനങ്ങളും; വാതുവെപ്പ് റാക്കറ്റിന്റെ കണ്ണിയായ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യത്ത് ഉടനീളം എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 12 കോടിയുമായി കർണാടകയിലെ കോൺ​ഗ്രസ് എം.എൽ.എ കെ സി വീരേന്ദ്ര പിടിയിലായി. 12 കോടി രൂപയും അത്യാഡംബര വാഹനവും കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് വാതുവയ്പ്പ് ശൃംഖലയുമായി നേരിട്ട് ബന്ധമുണ്ടെന്നും അങ്ങനെ സമ്പാദിച്ച പണമാണിതെന്നും ഇ.ഡി കണ്ടെത്തി.

സിക്കിമിൽ നിന്നാണ് എ.എൽ.എയെ അറസ്റ്റ് ചെയ്യുന്നത്. ദുബായിലെ അന്താരാഷ്ട്ര കാസിനോകളുമായും ഗെയിമിംഗ് പ്രവർത്തനങ്ങളുമായും ബന്ധമുള്ള നിയമവിരുദ്ധ വാതുവെപ്പ് ശൃംഖലയുടെ കണ്ണിയാണ് വീരേന്ദ്രയെന്ന്  അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 22, 23 തീയതികളിൽ സിക്കിം, കർണാടക, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗോവ എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ  പരിശോധനകൾ നടന്നു. പപ്പീസ് കാസിനോ ഗോൾഡ്, ഓഷ്യൻ റിവേഴ്‌സ് കാസിനോ, പപ്പീസ് കാസിനോ പ്രൈഡ്, ഓഷ്യൻ 7 കാസിനോ, ബിഗ് ഡാഡി കാസിനോ എന്നീ അഞ്ച് കാസിനോകളെയാണ് അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ  പ്രധാനമായും  ലക്ഷ്യമിട്ടത്.

കോൺഗ്രസ് എംഎൽഎ ‘കിംഗ് 567’, ‘രാജ 567’ തുടങ്ങിയ നിരവധി വാതുവെപ്പ് വെബ്‌സൈറ്റുകൾ നടത്തിയിരുന്നതായി കണ്ടെത്തൽ. വീരേന്ദ്രയുടെ സഹോദരൻ കെ.സി തിപ്പസ്വാമി കോൾ സെന്റർ സേവനങ്ങളുമായും ഗെയിമിംഗ് പ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട് ദുബായി ആസ്ഥാനമായി മൂന്ന് സ്ഥാപനങ്ങൾ നടത്തിയതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.  എം‌ജി‌എം, ബെല്ലാജിയോ, മെട്രോപൊളിറ്റൻ, മറീന, കാസിനോ ജുവൽ എന്നിവയിൽ നിന്ന് ഒന്നിലധികം അന്താരാഷ്ട്ര കാസിനോ അംഗത്വ കാർഡുകൾകളും അന്വേഷണ സംഘം കണ്ടെടുത്തു. 

ഒരു കോടി രൂപയുടെ വിദേശ കറൻസി ഉൾപ്പടെ 12 കോടിയാണ് ഇയാളുടെ കൈവശത്തു നിന്ന് ഇ.ഡി കണ്ടെടുത്തത്. ആറ് കോടി രൂപയുടെ സ്വർണാഭരണങ്ങളും പത്ത് കിലോയോളം വെള്ളിയാഭരണങ്ങളും കണ്ടെടുത്തു. 0003 എന്ന ഒരേ വിഐപി നമ്പറുള്ള മൂന്ന് ആഡംബര വാഹനങ്ങളും കണ്ടുകെട്ടി. വീരേന്ദ്രയുടെ സഹോദരൻ കെ സി നാഗരാജ്, അനന്തരവൻ പൃഥ്വി എൻ രാജ് എന്നിവരുമായി ബന്ധപ്പെട്ട 17 ബാങ്ക് അക്കൗണ്ടുകൾ, രണ്ട് ലോക്കറുകൾ, സ്വത്ത് രേഖകൾ എന്നിവയും ഏജൻസി കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു.

Related Posts